സഞ്ജു രാജസ്ഥാൻ വിടുന്നു?
Thursday, August 7, 2025 11:02 PM IST
ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തിന്റെ അഡ്രസായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു വി. സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നതായി സൂചന.
2026 ഐപിഎൽ ലേലത്തിനു മുന്പ് തന്നെ റിലീസ് ചെയ്യണമെന്ന് രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയോട് സഞ്ജു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 2025 ഐപിഎല്ലിന്റെ തൊട്ടുപിന്നാലെ ഇക്കാര്യം മലയാളി താരം ഫ്രാഞ്ചൈസിയെ അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം, സഞ്ജുവിന്റെ ആവശ്യത്തോട് ഇതുവരെ രാജസ്ഥാൻ റോയൽസ് പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ടീമിന്റെ മുഖ്യപരിശീലകനായ രാഹുൽ ദ്രാവിഡുമായി ചർച്ച ചെയ്തശേഷം മാത്രമായിരിക്കും സഞ്ജുവിന്റെ കാര്യത്തിലെ അന്തിമ തീരുമാനം.
30കാരനായ സഞ്ജു 2013-15 കാലഘട്ടത്തിലാണ് രാജസ്ഥാനുവേണ്ടി ആദ്യം കളിച്ചത്. 2018ൽ ടീമിൽ തിരിച്ചെത്തി. 2021 സീസൺ മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ്. 2022ൽ ടീമിനെ ഐപിഎൽ ഫൈനലിൽ എത്തിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറാനാണ് സഞ്ജുവിന്റെ നീക്കമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
2025 മെഗാ ലേലത്തിനു മുന്പ് രാജസ്ഥാൻ നിലനിർത്തിയ ആറു കളിക്കാരിൽ ഒരാളാണ് സഞ്ജു. 18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ നിലനിർത്തിയത്.