‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്’ റിലീസ് പ്രഖ്യാപിച്ചു
Friday, August 8, 2025 2:40 AM IST
വാഷിംഗ്ടണ്‍ ഡിസി: യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി പ്രശസ്ത ഹോളിവുഡ് സംവിധായകൻ മെൽ ഗിബ്സൺ സംവിധാനം ചെയ്തു നിർമിച്ചു വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ ‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ റിലീസ് തീയതി നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രഖ്യാപിച്ചു.
ചിത്രം രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുന്നതെന്നും 2027ലെ വിശുദ്ധ വാരത്തില്‍ റിലീസ് ചെയ്യുമെന്നും നിർമാതാക്കളായ ലയൺസ് ഗേറ്റ് ഫിലിം കമ്പനി പ്രഖ്യാപിച്ചു.
ചിത്രത്തിന്റെ ആദ്യഭാഗം 2027 മാർച്ച് 26ന് ദുഃഖവെള്ളിയാഴ്ച റിലീസ് ചെയ്യും. രണ്ടാം ഭാഗം ഏതാനും ആഴ്ചകൾക്കുശേഷം മേയ് ആറിന് സ്വര്‍ഗാരോഹണ തിരുനാൾ ദിനത്തിലും റിലീസ് ചെയ്യും.
എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് ലയൺസ് ഗേറ്റ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യേശുവിന്റെ വേഷമിട്ട ജിം കാവിയേസല്‍ തന്നെയായിരിക്കും ‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റി’ലും യേശുവായി എത്തുക.
2004ല്‍ മെല്‍ ഗിബ്സന് സംവിധാനം ചെയ്ത ‘ദ പാഷന് ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചെലവില്‍ നിർമിച്ച സിനിമ ആഗോളതലത്തില്‍ 611 ദശലക്ഷം ഡോളറാണു വാരിക്കൂട്ടിയത്.
370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര് റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രംകൂടിയാണിത്.
ഐക്കൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന ‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റി’ ന്റെ നിർമാണ ജോലികള്‍ പുരോഗമിക്കുകയാണ്.