അമേരിക്കന്‍ തീരുവപ്രഹരം ; റബറിനും കുരുമുളകിനും ഏലത്തിനും തിരിച്ചടി
Saturday, August 9, 2025 11:48 PM IST
റെജി ജോസഫ്
കോട്ടയം: അമേരിക്കന്‍ തിരുവപ്രഹരം റബറും കുരുമുളകും ഉള്‍പ്പെടെ കേരളത്തിന്റെ കാര്‍ഷികവിളകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. ഡോണള്‍ഡ് ട്രംപിന്റെ തിരുവപ്രഖ്യാപനത്തോടെ റബര്‍ വില ദിവസവും പിന്നോട്ടടിക്കുന്നു. ഡീലര്‍മാര്‍ സ്റ്റോക്ക് വയ്ക്കുന്നില്ല. കമ്പനികള്‍ വാങ്ങല്‍ കുറയ്ക്കുകയും ചെയ്തു.
ടയര്‍ ഉള്‍പ്പെടെ റബര്‍ ഉത്പന്നങ്ങളുടെ 20 ശതമാനം കയറ്റുമതിയും അമേരിക്കയിലേക്കാണ്. കൂടാതെ വാഹന കയറ്റുമതിയുമുണ്ട്. റബര്‍ കയ്യുറകള്‍, ന്യൂമാറ്റിക് ടയറുകള്‍, വാട്ടര്‍പ്രൂഫ് റബര്‍ ഷീറ്റുകള്‍, കൈത്തണ്ടകള്‍ തുടങ്ങിയവയുടെ അധികച്ചുങ്കം വ്യവസായത്തിന് തിരിച്ചടിയാകും. തീരുവ ചെറുകിട, ഇടത്തരം റബര്‍ അധിഷ്ഠിത സംരംഭങ്ങളെയാണ് പെട്ടെന്ന് ബാധിക്കുക.
കേരളത്തില്‍നിന്ന് കുരുമുളക്, ഏലം, മഞ്ഞള്‍, ജാതി തുടങ്ങിയവയുടെ 30 ശതമാനം കയറ്റുമതി അമേരിക്കയിലേക്കാണ്. കഴിഞ്ഞ വര്‍ഷം 5113 കോടിയുടെ സുഗന്ധവ്യഞ്ജനങ്ങള്‍ അവിടെ വിറ്റഴിച്ചു.
കേരളത്തിലെ ഉത്പന്നങ്ങളുടെ നേട്ടം ഇനി തെക്കുകിഴന്‍ ഏഷ്യന്‍ രാജ്യങ്ങളായിരിക്കും കൈയടക്കുക. സമുദ്രോത്പന്നങ്ങള്‍ കഴിഞ്ഞാല്‍ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നം സുഗന്ധവ്യഞ്ജനങ്ങളാണ്. പ്രതിവര്‍ഷം ഏകദേശം 650 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ അവിടേക്ക് കയറ്റുമതി ചെയ്യുന്നു.
കാപ്പി, തേയില, കുരുമുളക് ഉത്പന്നങ്ങളുടെ അമേരിക്കന്‍ വിപണിയിലെ ഇന്ത്യന്‍ വിഹിതം കുറയും. ബ്രസീലും കൊളംബിയയും പോലുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. 20,000 - 25,000 മെട്രിക് ടണ്‍ കുരുമുളകും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഇതില്‍ 22 ശതമാനവും അമേരിക്കയിലേക്കാണ്. കുരുമുളക് കയറ്റുമതിയുടെ 60 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.
കശുവണ്ടിപ്പരിപ്പിന്റെയും കയറിന്റെയും പ്രധാന കയറ്റുമതി കമ്പോളവും അമേരിക്കയാണ്. ഇവ രണ്ടുംകൂടി 1080 കോടിയിലേറെ രൂപ വരും. തീരുവപ്രഹരം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിലിനെയും വരുമാനത്തെയും പ്രതികൂലമാക്കും. പകരച്ചുങ്കം വലിയ തിരിച്ചടിയാകുന്നത് കുരുമുളക്, ഏലം, കാപ്പി, റബര്‍, തേയില കര്‍ഷകര്‍ക്കാണ്. കേരളത്തിലെ തേയിലയുടെയും കാപ്പിയുടെയും 20-30 ശതമാനം വിപണിയും അമേരിക്കയാണ്.
സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലന്ഡ്, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ ഏറെക്കാലമായി ഇന്ത്യക്ക് വെല്ലുവിളിയാണ്. ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ ഉയര്‍ന്ന തീരുവ ഭീഷണിയില്ല. ഇന്ത്യന്‍ തേയിലയും കാപ്പിയും വിയറ്റ്നാം, കെനിയ, സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വലിയ മത്സരം നേരിടുന്നുണ്ട്.