3,000 രൂപ മാത്രം! വാർഷിക ഫാസ്ടാഗ് ഈ മാസം 15 മുതൽ
Tuesday, August 5, 2025 10:40 PM IST
മുംബൈ: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സുഗമമാക്കുന്നതിനായുള്ള വാർഷിക പാസ് സംവിധാനം ഈ മാസം പതിനഞ്ചിനു പ്രാബല്യത്തിൽ വരും.
നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദേശീയപാതകളിലാണ് ടോൾ നികുതി അടയ്ക്കുന്നതിൽ പ്രധാന മാറ്റം വരാൻ പോകുന്നത്. 3,000 രൂപയ്ക്ക് 200 തവണ, ഒരു യാത്രയ്ക്ക് 15 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
വാണിജ്യേതര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് വാർഷിക പാസ് ലഭിക്കുന്നത്. ബസുകൾ, ട്രക്കുകൾ, ടെന്പോകൾ എന്നിവയ്ക്കൊന്നും പാസ് ലഭ്യമല്ല. ദേശീയപാതകളിലും അതിവേഗ എക്സ്പ്രസ് വേകളിലും വാർഷിക ഫാസ്ടാഗ് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും സംസ്ഥാന പാതകളിലും സംസ്ഥാനങ്ങൾ നിയന്ത്രിക്കുന്ന എക്സ്പ്രസ് വേകളിലും ഇത് പ്രവർത്തിക്കില്ല. ഇവിടങ്ങളിലൊക്കെ പണം കൊടുത്തു തന്നെ യാത്രചെയ്യേണ്ടിവരും.
പാസ് ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പിലും എൻഎച്ച്എഐ, ഗതാഗതമന്ത്രാലയം എന്നിവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കും. വാഹനത്തിന്റെ വിശദാംശങ്ങൾ നൽകി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി പണം അടച്ചുകഴിഞ്ഞാൽ രണ്ട് മണിക്കൂറിനുള്ളിൽ സേവനം ലഭ്യമായിത്തുടങ്ങും.
200 യാത്ര പൂർത്തിയാവുകയോ കാലാവധി കഴിയുകയോ ചെയ്താൽ ഇത് സാധാരണ ഫാസ്ടാഗായി മാറും. സേവനം വീണ്ടും ആവശ്യമുള്ളവർക്ക് വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടിവരും. നിലവിലുള്ള ഫാസ്ടാഗിൽ തന്നെ വാർഷികപാസ് ആക്ടിവേറ്റ് ചെയ്യാം.
വാർഷികപാസ് രജിസ്റ്റർ ചെയ്തശേഷം മറ്റ് വാഹനങ്ങളിലൊട്ടിച്ച് ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെയുണ്ടായാൽ പാസ് സ്വയം ഡീ ആക്ടിവേറ്റ് ആകും. രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ മുന്നിലെ വിൻഡ്ഷീൽഡ് ഗ്ലാസിൽതന്നെ ഫാസ്ടാഗ് ഒട്ടിക്കണമെന്നാണ് എൻഎച്ച്എഐ നിർദേശം.