ഭീഷണികൾ മറികടക്കാൻ വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, August 4, 2025 1:26 AM IST
ഇന്ത്യൻ ഇൻഡക്സുകൾ വ്യക്തമായ ഒരു ടാർജറ്റിൽ സഞ്ചരിക്കുന്നു. മുൻവാരങ്ങളിൽ സൂചിപ്പിച്ച സാങ്കേതികചലനങ്ങൾ നൂറു ശതമാനം ശരിവച്ചാണ് ഓരോ ചുവടും വിപണി നീങ്ങുന്നത്. അതേ സമയം അമേരിക്കൻ തീരുവ ഭീഷണികളെ മറികടക്കാൻ പുതിയ തന്ത്രങ്ങൾ കേന്ദ്ര സർക്കാർ വരുംദിനങ്ങളിൽ പ്രഖ്യാപിക്കാം. പ്രതിസന്ധി മുന്നിൽ കണ്ട് ബാധ്യതകൾ ചുരുക്കാൻ രാജ്യാന്തര ഫണ്ടുകൾ ഇവിടെ നീക്കം നടത്തി. എന്നാൽ, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ നിറസാന്നിധ്യം പ്രാദേശിക നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്താൻ അവസരമൊരുക്കി.
മാസങ്ങളായി നിഷേപത്തിന് മാത്രമാണ് ആഭ്യന്തര ഫണ്ടുകൾ മുൻതൂക്കം നൽക്കുന്നത്. എന്നാൽ വിൽപ്പനക്കാരന്റെ മേലങ്കി അഴിച്ചു മാറ്റില്ലെന്ന നിലപാടിലാണ് വിദേശ ഓപ്പറേറ്റർമാർ. പിന്നിട്ടവാരം സെൻസെക്സ് 863 പോയിന്റും നിഫ്റ്റി 271 പോയിന്റും ഇടിഞ്ഞു. ഒരു മാസക്കാലയളവിൽ ബിഎസ്ഇ 3097 പോയിന്റും എൻഎസ്ഇ 976 പോയിന്റും ഇടിഞ്ഞു. രണ്ട് ഇൻഡക്സുകൾക്കും ഒരു മാസക്കാലയളവിൽ മൂന്ന് ശതമാനം തകർച്ച.
നിഫ്റ്റി രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലാണ്. മുൻനിര സൂചികകൾ രണ്ട് വർഷത്തിനിടയിൽ ആദ്യമായി തുടർച്ചയായ അഞ്ചാം വാരത്തിലും ഇടിഞ്ഞു. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 25 ശതമാനം തീരുവ തീരുമാനിച്ചതും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് വൻ പിഴ ചുമത്തുമെന്ന ഭീഷണികളും വിപണിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും.
യുഎസിൽനിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷം ആദ്യപകുതിയെ അപേക്ഷിച്ച് ഇരട്ടിയിലേറെ ഉയർന്നു. ജനുവരി-ജൂണിൽ ഇറക്കുമതി 51 ശതമാനം വർധിച്ചു.
ഊർജ സംഭരണ തന്ത്രത്തിൽ ഇന്ത്യ വരുത്തിയ വൻ മാറ്റത്തെ ഇത് വ്യക്തമാക്കുന്നു. അതേസമയം റഷ്യൻ ക്രൂഡ് വരവ് കുറഞ്ഞാൽ അത് ഇന്ത്യൻ പെട്രോളിയം കയറ്റുമതി വരുമാനത്തിൽ വൻ വിള്ളലുവാക്കാം. രാജ്യാന്തര ക്രൂഡ് ഓയിൽ വിതരണ ശൃംഖലയിൽ തടസമുളവായാൽ റഷ്യൻ വ്യാപാരങ്ങളിൽ ഏർപ്പെടുന്നവർക്ക് വിലക്കയറ്റത്തെ അഭിമുഖീകരിക്കേണ്ടതായി വരും.
റഷ്യ നിത്യേന അഞ്ചു ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി നടത്തുന്നുണ്ട്. ഇത്രമാത്രം എണ്ണയുടെ ലഭ്യത പൊടുന്നനെ കുറഞ്ഞാൽ വില 67 ഡോളറിൽനിന്നും 80 ലേക്കും വൈകാതെ 100 ഡോളറിലേക്കാം കുതിക്കാം. ഞായറാഴ്ച റഷ്യയിലെ സോച്ചി എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരേ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണം ഇന്ന് രാജ്യാന്തര എണ്ണവിപണി ചൂടുപിടിക്കാൻ ഇടയാക്കാം. മൂന്നു ഡസനിൽ അധികം രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇന്ത്യ ശേഖരിക്കുന്നതിനാൽ ഇവിടെ പ്രതിസന്ധിക്ക് ഇടയില്ല. എന്നാൽ, എണ്ണ വിലക്കയറ്റം രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കും.
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 86.51നിന്നും 86.40ലേക്ക് ശക്തിപ്രാപിച്ച ശേഷം പിന്നീട് തളർന്നു. ഒറ്റ ആഴ്ചയിൽ രൂപയുടെ മൂല്യത്തിൽ 100 പൈസയുടെ ഇടിവ്. രൂപ 87.73ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 87.51ലാണ്.
ഓഹരിവിപണിയിലേക്ക് തിരിഞ്ഞാൽ നിഫ്റ്റിയെ ബാധിച്ച മാന്ദ്യം തുടരുന്നു. ഏതാനും ആഴ്ചകൾക്ക് മുന്നേ സൂചന നൽകിയതാണ് ഒരു ചാർട്ട് ഡാമേജിനുള്ള സാധ്യതകൾ അത് ശരിവച്ചതാണ് പിന്നിട്ട ആഴ്ച വിപണിയിൽ ദൃശ്യമായത്. മുൻവാരത്തിലെ 24,837 പോയിന്റിൽ നിന്നും സൂചിക 24,946 വരെ കയറിയ അവസരത്തിലെ ശക്തമായ വിൽപ്പന തരംഗത്തിൽ നിഫ്റ്റി 24,535ലേക്ക് ഇടിഞ്ഞെങ്കിലും കഴിഞ്ഞവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 24,531 ലെ സപ്പോർട്ട് നാല് പോയിന്റിന് നിലനിർത്താനായി, വ്യാപാരാന്ത്യം സൂചിക 24,565 പോയിന്റിലാണ്.
ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഈ വാരം നിഫ്റ്റിക്ക് 24,418 പോയിന്റിലെ ആദ്യ സപ്പോർട്ട് നഷ്ടമായാൽ 24,271ലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. ഓപ്പറേറ്റർമാർ താഴ്ന്ന റേഞ്ചിൽ കവറിംഗിനിറങ്ങിയാൽ 24,829 -25,093 പോയിന്റിലേക്ക് തിരിച്ചുവരവിന് ശ്രമിക്കാം. സാങ്കേതിക വശങ്ങൾ വിൽപ്പന സമ്മർദം തുടരുമെന്ന സൂചന നൽകുമ്പോൾ ചില ഇൻഡിക്കേറ്ററുകൾ ഓവർ സോൾഡായത് ചെറിയ തോതിലെ തിരിച്ചുവരവിന് അവസരം ഒരുക്കാം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചർ 24,943ൽനിന്നും 24,327ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 74 ലക്ഷത്തിൽനിന്നും 169 ലക്ഷത്തിലേക്ക് കയറി പുതിയ വിൽപ്പനക്കാരുടെ വരവായി വിലയിരുത്താം. ഫ്യൂച്ചേഴ്സ് മാർക്കറ്റിന്റെ ചലനങ്ങൾ കണക്കിലെടുത്താൽ 24,400-24,200ലേക്ക് നീങ്ങാൻ സാധ്യത.
സെൻസെക്സിന്റെ തകർച്ചയിലും മുൻവാരം സൂചിപ്പിച്ച സപ്പോർട്ട് വിപണിക്ക് തുണയായി. ബോംബെ സൂചിക 81,463 പോയിന്റിൽനിന്നും 81,772 വരെ ഉയർന്നു. ഇതിനിടയിൽ വിദേശ ഇടപാടുകാർ മത്സരിച്ച് വിൽപ്പനയ്ക്ക് ഇറങ്ങിയതോടെ ആടി ഉലഞ്ഞ വിപണി 80,495ലേക്ക് ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച 80,493ലെ സപ്പോർട്ട് രണ്ട് പോയിന്റ് വ്യത്യാസത്തിൽ വിപണി നിലനിർത്തി. ഈ അവസരത്തിൽ പുതിയ വാങ്ങലുകൾക്ക് ആഭ്യന്തര ഫണ്ടുകൾ ഉത്സാഹിച്ചതോടെ ക്ലോസിംഗിൽ സെൻസെക്സ് 80,599 പോയിന്റിലാണ്. വിപണി സെല്ലിംഗ് മൂഡിൽ തുടരുന്നതിനാൽ വീണ്ടും വിൽപ്പന സമ്മർദത്തിൽ തിരുത്തൽ 80,138 -79,678 പോയിന്റ് വരെ തുടരാം. വിപണിക്ക് 81,415ൽ പ്രതിരോധമുണ്ട്.
വിദേശ ഫണ്ടുകൾ തുടർച്ചയായ അഞ്ചാം വാരവും വിൽപ്പനക്കാരാണ്. മൊത്തം 20,524.42 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജൂലൈയിൽ അവർ മൊത്തം 49,612.61 കോടി രൂപയുടെ ഓഹരികൾ കൈവിട്ടു. ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ പതിനഞ്ചാം വാരത്തിലും നിക്ഷേപകരായി രംഗത്തുണ്ട്. പിന്നിട്ട വാരം 24,300 കോടി രൂപയുടെ വാങ്ങിൽ നടത്തി. ജൂലൈയിലെ മൊത്തം നിക്ഷേപം 69,852.25 കോടി രൂപയാണ്.