അയർലൻഡിൽ ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: ഐറിഷ് സർക്കാർ ഇടപെടുന്നു
Sunday, August 10, 2025 2:15 AM IST
ജയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ തുടർന്നുവരുന്ന അക്രമസംഭവങ്ങൾ പരിഹരിക്കുന്നതിനായി ഐറിഷ് സർക്കാർ ഇടപെടുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് തിങ്കളാഴ്ച അയർലൻഡിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
വിദേശകാര്യമന്ത്രികൂടിയായ സൈമൺ ഹാരിസിന്റെ ഇടപെടലിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസിയാണ് ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
അയർലണ്ടിലെ ഇന്ത്യൻ സമൂഹം ഐറിഷ് സമൂഹത്തിനു നൽകിവരുന്ന സംഭാവനകൾ നിസ്തുലമാണെന്നും അയർലൻഡ് ഒരിക്കലും വംശീയതയെ വച്ചുപൊറുപ്പിക്കില്ലെന്നും സൈമൺ ഹാരിസ് പറഞ്ഞു.
ഇന്ത്യക്കാർക്കെതിരേ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങൾ തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതടക്കമുള്ള നടപടികൾ വേണമെന്നാണ് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ നിയമപാലകരുടെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു.