വെളിച്ചെണ്ണയ്ക്ക് മൂക്കുകയർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, August 11, 2025 1:02 AM IST
വെളിച്ചെണ്ണ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കം അനുകൂല തരംഗം സൃഷ്ടിക്കുന്നതു കണ്ട് തമിഴ്നാട് ലോബി സ്റ്റോക്ക് വിറ്റഴിക്കാൻ പരക്കം പാഞ്ഞു. റബറിനെ ബാധിച്ച ദുർബലാവസ്ഥ വിട്ടുമാറിയില്ല, മുൻനിര ഉത്പാദക രാജ്യങ്ങളിൽ ടാപ്പിംഗിന് അനുകൂല സാഹചര്യം ഒരുങ്ങി. കുരുമുളകും ഏലവും ഉത്തരേന്ത്യൻ ഇടപാടുകാർ വില ഉയർത്തി ശേഖരിക്കാൻ രംഗത്ത്. സ്വർണത്തിന് പുതിയ റിക്കാർഡ് വില.
വെളിച്ചെണ്ണയിലെ ബുൾ റാലിക്ക് സംസ്ഥാന സർക്കാർ മൂക്കുകയറിട്ടതോടെ മറ്റ് മാർഗങ്ങളില്ലാതെ സാങ്കേതിക തിരുത്തലിലേക്ക് വിപണി വഴുതി. ഓണാഘോഷ വേളയിൽ ലിറ്ററിന് 349 രൂപയ്ക്ക് വെളിച്ചെണ്ണ വിൽപ്പനയ്ക്ക് ഇറക്കുമെന്ന് വ്യക്തമാക്കിയത് തമിഴ്നാട് ലോബിയെ ഞെട്ടിച്ചു, സ്റ്റോക്കിസ്റ്റുകൾ കൊപ്ര വിൽപ്പനയ്ക്ക് മത്സരിച്ച് ഇറക്കി. കാർഷിക മേഖലയിൽ ഉടലെടുത്ത വിൽപ്പന സമ്മർദത്തിന് ആക്കം വർധിച്ചതോടെ വൻകിട മില്ലുകാർ കൈവശമുള്ള എണ്ണ വിറ്റുമാറാനുള്ള തത്രപ്പാടിലാണ്. ഒറ്റആഴ്ചയിൽ കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 4000 രൂപ ഇടിഞ്ഞ് ശനിയാഴ്ച നിരക്ക് 31,675 രൂപയായി.
ആകർഷകമായ വിലയ്ക്ക് സ്റ്റോക്കുള്ള എണ്ണ ഓണവേളയിൽ വിറ്റഴിച്ച് വൻ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു കാങ്കയം ആസ്ഥാനമായുള്ള 120 ഓളം വരുന്ന കൊപ്രയാട്ട് വ്യവസായികൾ, നിത്യേന 1400 ടൺ വരെ എണ്ണയാണ് അവർ ഉത്പാദിപ്പിക്കുന്നത്. കൊപ്രയുടെ വില റിക്കാർഡ് പുതുക്കി പിന്നിട്ട മാസങ്ങളിൽ കുതിച്ചു പറഞ്ഞതോടെ അവിടത്തെ പല മില്ലുകളും ഇറക്കുമതി എണ്ണകൾ കലർത്തിയുള്ള വിൽപ്പനയും വ്യാപകമാക്കി.
അവരുടെ മുഖ്യ വിപണി കേരളമാണെന്നത് വ്യാജൻമാരെ ഇറക്കുന്നവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. ഇവിടെ എന്തും വേഗത്തിൽ വിറ്റഴിക്കാനാവും, ചോദിക്കാനും പറയാനുമുള്ളവരെ വേണ്ടവിധം കണ്ടാൽ എല്ലാം ശുഭം, അങ്ങനെയാണ് കാങ്കയം ലോബിയുടെ വിലയിരുത്തൽ.
കലർപ്പുള്ള എണ്ണ കണ്ടെത്താനുള്ള സാങ്കേതികവിദ്യ കേരളത്തിന് ഇല്ലെന്ന് അവർക്കു വ്യക്തമായി അറിയാം. വിഷുവിനും ഈസ്റ്ററിനും റംസാനുമെല്ലാം പാം ഓയിലും സൂര്യകാന്തിയും കലർത്തിയ വ്യാജൻമാരെ അവർക്ക് നിഷ്പ്രയാസം വിറ്റഴിക്കാനായി. റിക്കാർഡ് ലാഭത്തിൽ ഒരു ഉത്രാടപ്പാച്ചിലും അവർ സ്വപ്നം കണ്ടതിനിടയിലാണ് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണയുമായി കേരളം കളി തുടങ്ങിയത്. വെളിച്ചണ്ണ വില ജൂലൈയിൽ 39,300ലേക്കും കൊപ്ര 26,100 രൂപയിലേക്കും കത്തിക്കയറിരുന്നു. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റൽ 36,700ലും കൊപ്ര 23,900 രൂപയിലുമാണ്.
ടാപ്പിംഗ് ഊർജിതമാക്കാൻ റബർ കർഷകർ
കർക്കടകം രണ്ടാം പകുതിയിലെ കാലാവസ്ഥാ മാറ്റം കണക്കിലെടുത്താൽ ചിങ്ങം പിറക്കുന്നതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിംഗ് രംഗം ഊർജിതമാവും. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ ടാപ്പിംഗ് ഇതിനകംതന്നെ പുനരാരംഭിച്ചു. അടുത്ത വാരം മുതൽ ഉത്പാദനം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കർഷകർ.

കാലവർഷം ആരംഭിച്ച് ആദ്യ രണ്ട് മാസങ്ങളിലെ കനത്ത മഴ മൂലം ഉത്പാദകർ തോട്ടങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ നിർബന്ധിതരായി. അതേസമയം രാജ്യാന്തര റബർ അവധി വിപണിയിൽ വിൽപ്പന സമ്മർദം റെഡി മാർക്കറ്റായ ബാങ്കോക്കിനെയും പ്രതിസന്ധിലാക്കി. വിദേശത്തെ മാന്ദ്യം ഇന്ത്യൻ റബറിനെയും സ്വാധീനിച്ചതിനാൽ നാലാം ഗ്രേഡ് കിലോ 202 രൂപയായി താഴ്ന്നു. വാരാന്ത്യം ബാങ്കോക്കിൽ 188 രൂപയിലാണ് റബർ.
പ്രതീക്ഷയിൽ കുരുമുളക്, ഏലം
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട സുഗന്ധവ്യഞ്ജന ഇടപാടുകാർ മുന്നിലുള്ള ഉത്സവ ആവശ്യത്തിനുവേണ്ട കുരുമുളക് സംഭരണം പുനരാരംഭിച്ചു. കേരളത്തിൽ മുളകിനു വിൽപ്പനക്കാർ കുറഞ്ഞതിനാൽ നിരക്ക് ഉയർത്താതെ ചരക്ക് വാങ്ങാനാവില്ലെന്നു വ്യക്തമായതാണ് അവരുടെ തിരിച്ചുവരവിനു വഴിയൊരുക്കിയത്. വില ഉയർന്നിട്ടും കൊച്ചിയിൽ മുളക് വരവ് കുറവാണ്. വില കൂടുതൽ മുന്നേറുമെന്ന നിഗമനത്തിലാണ് ഉത്പാദക മേഖല. അൺ ഗാർബിൾഡ് കിലോ 672 രൂപയായി ഉയർന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8050 ഡോളറിന് മുകളിലാണ്.

ഹൈറേഞ്ചിലെ കാലാവസ്ഥ ഏലം ഉത്പാദനം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ലേലത്തിന് എത്തിയ ഏലക്ക പല അവസരത്തിലും വാങ്ങലുകാർ മത്സരിച്ച് ശേഖരിച്ചു. ചിങ്ങം പിറക്കുന്നതോടെ ഏലം വിളവെടുപ്പ് ഊർജിതമാക്കും. കേരളത്തിൽ ഏലം സീസൺ സജീവമായതോടെ യൂറോപ്പിൽനിന്നും അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ എത്തുന്നുണ്ട്. ശരാശരി ഇനങ്ങൾ 2600 രൂപയായും മികച്ചയിനങ്ങൾ 3100 രൂപയായും ഉയർന്നു.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന് പുതിയ റിക്കാർഡ്. വാരാരംഭത്തിൽ പവൻ 74,320 രൂപയിൽനിന്നും 75,040ലെ റിക്കാർഡ് തകർത്ത് 75,200 ലേക്കും വാരത്തിന്റെ രണ്ടാം പകുതിയിൽ പുതിയ റിക്കാർഡായ 75,760 രൂപയിലേക്കും ഉയർന്നശേഷം വാരാന്ത്യം 75,560 രൂപയിലാണ്.