ഫ്രീഡം സെയില്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ
Monday, August 11, 2025 1:02 AM IST
കൊച്ചി: ഫ്രീഡം സെയില്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1,279 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4,279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസ് ശൃംഖലയിൽ 50 ലക്ഷം സീറ്റുകളാണു ഫ്രീഡം സെയിലിലൂടെ യാത്രക്കാര്‍ക്കായി ലഭ്യമാക്കുന്നത്. ഈ മാസം 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ഈമാസം 15 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്നത്. ചെക്ക്ഇന്‍ ബാഗേജ് ഇല്ലാതെ കാബിന് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എക്സ്പ്രസ് ലൈറ്റ് വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക് ഇന്‍ ബാഗേജ് അലവന്‍സുകള്‍ ഉള്‍പ്പെടുന്ന എക്സ്പ്രസ് വാല്യു നിരക്കുകള്‍ ആഭ്യന്തരസര്‍വീസുകള്‍ക്ക് 1,379 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4,479 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
ലോയല്‍റ്റി അംഗങ്ങള്‍ക്ക് എക്സ്പ്രസ് ബിസ് നിരക്കുകളില്‍ 25 ശതമാനവും അധിക ബാഗേജ് ഓപ്ഷനുകളില്‍ 20 ശതമാനവും ഇളവ്, ഗോര്‍മേര്‍ ഹോട്ട് മീല്‍സ്, സീറ്റ് സെലക്ഷന്, മുന്ഗണനാസേവനങ്ങള്, അപ്ഗ്രേഡുകള്‍ എന്നിവയുള്‍പ്പെടെ മികച്ച ഡീലുകളും വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കു പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും എയര്‍ ഇന്ത്യ ലഭ്യമാക്കുന്നുണ്ട്.