ദേശീയ കായിക ബില്‍ ഇന്നലെ ലോക്സഭയില്‍ പാസായി
Tuesday, August 12, 2025 2:31 AM IST
പണത്തിനു മുകളില്‍ പരുന്തും പറക്കില്ലെന്ന പഴമൊഴിപോലെ, ലോകത്തിലെതന്നെ ഏറ്റവും സാമ്പത്തിക കരുത്തുള്ള കായികസംഘടനയായ ബിസിസിഐ (ബോര്‍ഡ് ഫോര്‍ കണ്ട്രോള് ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ) പകുതി അകത്തും പുറത്തുമായുള്ള ദേശീയ കായിക ബില്‍ കോലാഹലങ്ങള്‍ക്കിടെ ഇന്നലെ പാര്‍ലമെന്റില്‍ പാസാക്കി.
18,760 കോടി രൂപ ആസ്തിയുള്ള, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയെ പൂര്‍ണമായി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടാതെയുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്. അതായത്, ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാനുള്ള ഏകമാര്‍ഗമായ ‘വിവരാവകാശ’ പരിധിക്കു പുറത്താണ് ഇപ്പോഴും ബിസിസിഐ.
അതേസമയം, ബിസിസിഐ അടക്കമുള്ള രാജ്യത്തെ കായിക സംഘടനകള്‍ക്കു സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളായി തുടരാമെങ്കിലും ഭരണസമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങള്‍, കായിക താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര കായിക ബില്ലിന്റെ പരിധിയിലാണ്. ഇതുവരെ ഒറ്റയാനായി തുടര്‍ന്ന സാമ്പത്തിക ശക്തിയായ ബിസിസിഐക്കും കേന്ദ്രസര്‍ക്കാര്‍ ചെറിയ മൂക്കുകയര്‍ ഇട്ടെന്നു ചുരുക്കം.
പ്രതിഷേധത്തിനിടെ പാസാക്കി
വോട്ട് കൊള്ളയ്ക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ നാഷണല്‍ സ്പോര്‍ട്സ് ഗവേണന്‍സ് ബില്‍, 2025 ആന്‍ഡ് ആന്റി-ഡോപ്പിംഗ് (അമൻഡ്മെന്റ്) ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കി.
കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യയാണ് ബില്‍ അവതരിപ്പിച്ചത്.
ഒളിമ്പിക്സ് അടക്കമുള്ള ലോകകായിക ഭൂപടത്തില്‍ ഇടംനേടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഇന്ത്യയുടെ കായിക ലോകം ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ദേശീയ കായിക ഭരണ ബില്‍ പാസാക്കിയത്. രാജ്യത്തെ കായിക സംവിധാനങ്ങളില്‍ സമൂലമായ പൊളിച്ചെഴുത്തെന്ന് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
കായിക സംഘാടനത്തില്‍ സുതാര്യത, കായികതാരങ്ങളുടെ ക്ഷേമം, തര്‍ക്കപരിഹാരങ്ങള്‍ക്ക് ദേശീയ സ്പോര്‍ട്സ് ട്രൈബ്യൂണല്‍ തുടങ്ങിയവ ഇതിലൂടെ ഫലത്തിലെത്തി.
എല്ലാം കേന്ദ്രത്തിന്റെ കീഴില്‍
ദേശീയ കായിക ബോര്‍ഡിലെ (എന്‍എസ്ബി) ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍, സ്പോര്‍ട്സ് ട്രൈബ്യൂണല്‍ ചെയര്മാന്, അംഗങ്ങള്‍ തുടങ്ങിയവരുടെ നിയമനവും നിയന്ത്രണവും കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍. ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്കല്, റദ്ദാക്കല്‍, സസ്പെന്‍ഡ് ചെയ്യല്‍ തുടങ്ങിയ അധികാരങ്ങളുള്ള എന്‍എസ്ബിയില്‍ കേന്ദ്രം രൂപീകരിക്കുന്ന സെര്‍ച്ച് കമ്മിറ്റിയാണ് നിയമനങ്ങള്‍ നടത്തുക.
സുപ്രീംകോടതിയില്‍
സ്പോര്‍ട്സ് ട്രൈബ്യൂണലിന്റെ ഉത്തരവുകളെ സുപ്രീംകോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെ മാതൃകയിലാണ് സ്പോര്‍ട്സ് ട്രൈബ്യൂണല്‍ രൂപീകരിച്ചത്. മൂന്നംഗ ട്രൈബ്യൂണലിന്റെ അധ്യക്ഷനാന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയായിരിക്കും.
പ്രായപരിധി 70-75
ദേശീയ ഫെഡറേഷന് ഭാരവാഹികള്‍ക്ക് പ്രായത്തിലും ടേമിലും നിയന്ത്രണങ്ങള്‍. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ പദവികളില്‍ തുടര്‍ച്ചയായി മൂന്നു തവണ മാത്രമേ അധികാരത്തിലിരിക്കാന്‍ കഴിയൂ. ഒരു ടേം നാലു വര്‍ഷം നീണ്ടതാകും.
കൂളിംഗ് ഓഫ് പിരീഡിനു ശേഷം വീണ്ടും സ്ഥാനമേല്‍ക്കാം. പ്രായപരിധി 70 വയസ്. എന്നാല്‍, സ്ഥാനമേറ്റ ശേഷമാണ് 70ലെത്തുന്നതെങ്കില് കാലാവധി പൂര്‍ത്തിയാക്കാം. കായിക ഫെഡറേഷനുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് 75 വയസുവരെ തുടരാം.
ഹൈലൈറ്റ്സ്
►ഒരു കായിക ഇനത്തിന് ഒരു ഭരണസമിതി. ഭാരവാഹികള്‍ക്കു പരമാവധി മൂന്നു തവണ തുടര്‍ച്ചയായി സ്ഥാനം വഹിക്കാം.
►കായിക സംഘടനകളിലെ തര്‍ക്ക പരിഹാരത്തിനും അംഗീകാരം നല്‍കാനും റദ്ദാക്കാനും നാഷനല്‍ സ്പോര്‍ട്സ് ബോര്‍ഡ്. ഫെഡറേഷനുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാനും ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയെടുക്കാനും ബോര്‍ഡിന് അധികാരം.
►എല്ലാ ഫെഡറേഷനുകളും കോഡ് ഓഫ് എത്തിക്സ് പുറത്തിറക്കണം.
►കായികമത്സരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്കും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ സേഫ് സ്പോര്‍ട്സ് പോളിസി.
►ദേശീയ കായിക സംഘടനകളില്‍ സുതാര്യമായും സമയബന്ധിതമായും തെരഞ്ഞെടുപ്പിനു കേന്ദ്രം നിയോഗിക്കുന്ന സമിതി.
►ദേശീയ കായിക സംഘടനകള്‍ പേരിലും ലോഗോയിലും ഇന്ത്യ, ഇന്ത്യന്‍, നാഷണല്‍ ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി ആവശ്യം.
വിമര്‍ശനം
ഭരണഘടനയില്‍ സംസ്ഥാനങ്ങളുടെ വിഷയമാണ് കായിക ഭരണം. ഇതിനെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുന്നതാണ് കേന്ദ്രം പാസാക്കിയ കായിക ബില്‍. ബില്‍ പാസായതോടെ, വിവിധ സംസ്ഥാനങ്ങളും നിരവധി ഫെഡറേഷനുകളുമായി വികേന്ദ്രീകൃത സ്വഭാവമുള്ള കായിക ഭരണം ഏതാണ്ട് പൂര്‍ണമായി കേന്ദ്രത്തിന്റെ വരുതിയിലായി.
ബില്‍ പ്രകാരം രൂപീകരിക്കുന്ന, നാഷണല്‍ സ്പോര്‍ട്സ് ബോര്‍ഡ് (എന്‍എസ്ബി), തര്‍ക്കപരിഹാരത്തിന് അര്‍ധ ജുഡീഷല്‍ സ്വഭാവമുള്ള സ്പോര്‍ട്സ് ട്രൈബ്യൂണല്‍ എന്നിവ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കും.
സംസ്ഥാനങ്ങളിലെ കായികവകുപ്പ് (കേരളത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍) അപ്രസക്തമാക്കപ്പെടുകയും സ്പോര്‍ട്സ് ഫെഡറേഷനുകളുടെ സ്വയം ഭരണാധികാരം അവസാനിക്കുകയും ചെയ്യും. ടീം തെരഞ്ഞെടുപ്പില്‍പോലും ഇടപെടാനുള്ള അധികാരം കേന്ദ്രത്തിനു നല്‍കുന്നതാണ് പുതിയ ബില്‍.
വിവരാവകാശത്തിനു പുറത്തെ ബിസിസിഐ
ജൂലൈ 23നാണ് ദേശീയ കായിക ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ മൂലരൂപത്തില്‍ എല്ലാ കായികസംഘടനകളും പൊതു അഥോറിറ്റിയായി കണക്കാക്കി വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. ബിസിസിഐ എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഭേദഗതി വരുത്തി.
സര്‍ക്കാരില്‍നിന്നു ഗണ്യമായ ധനസഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങളെമാത്രമേ പൊതു അഥോറിറ്റിയായി കണക്കാക്കി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്താനാവൂവെന്ന് കായികമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ബിസിസിഐ സര്‍ക്കാരില്‍നിന്ന് സഹായധനം കൈപ്പറ്റുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പുയര്‍ത്തിയത്.
പുതിയ വ്യവസ്ഥ
കേന്ദ്ര സര്‍ക്കാരില്‍നിന്ന് ധനസഹായം കൈപ്പറ്റുന്ന ഏതൊരു കായിക സംഘടനയും പൊതു അഥോറിറ്റിയായി കണക്കാക്കും. സഹായധനത്തിന്റെ വിനിയോഗം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിവരാവകാശനിയമപ്രകാരം മറുപടി നല്‍കണം.
നിയമത്തിന്റെ പരിധിയില്‍വരുന്ന കായിക സംഘടനകള്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം നല്കിയാന് മതി. കായിക ഫെഡറേഷന്റെ ചുമതല, അധികാരം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട.
ബിസിസിഐക്കു മൂക്കുകയര്‍
സാമ്പത്തിക ശക്തിയായ ബിസിസിഐക്കും അതിന്റെ സംസ്ഥാനങ്ങളിലെ കീഴ്ഘടകങ്ങള്‍ക്കും വാര്‍ഷിക അംഗീകാരത്തിനായി മറ്റു കായിക സംഘടനകളെപ്പോലെ അപേക്ഷ സമര്‍പ്പിക്കണം. തര്‍ക്ക പരിഹാരങ്ങള്‍ക്കു കോടതിയെ നേരിട്ട് സമീപിക്കാന്‍ സാധിക്കില്ല. ദേശീയ സ്പോര്‍ട്സ് ട്രൈബ്യൂണലിനെയാണ് ഇനിമുതല്‍ സമീപിക്കേണ്ടത്.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും വലിയ പരിഷ്കാരമായാണ് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് കായിക ബില്ലിനെ വിശേഷിപ്പിച്ചത്.