സിഎസ്കെ വിടാന്‍ അശ്വിന്
Friday, August 8, 2025 11:20 PM IST
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ എം.എസ്. ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു വിടപറയാന്‍ ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ആര്. അശ്വിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
2026 ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ റിലീസ് ചെയ്യണമെന്ന് അശ്വിന് സിഎസ്കെയോട് അഭ്യര്‍ഥിച്ചതായാണ് വിവരം.
അശ്വിന് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനയുണ്ട്. 2025 മഗാ താര ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആര്. അശ്വിനെ സ്വന്തമാക്കിയത്. ഒമ്പത് മത്സരങ്ങളില്‍നിന്ന് 9.42 ഇക്കോണമി റേറ്റില്‍ ഏഴ് വിക്കറ്റ് താരം നേടി.
കഴിഞ്ഞ സീസണില്‍ നാലു ജയം മാത്രമായിരുന്നു ചെന്നൈക്കുണ്ടായിരുന്നത്. ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്നും 2026 ലേലത്തില്‍ അതു പരിഹരിക്കുമെന്നും എം.എസ്. ധോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനിടെ, രാജസ്ഥാന് റോയല്‍സില്‍നിന്ന് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് എത്തുമെന്നുള്ള പ്രചരണവും നടക്കുന്നുണ്ട്.
2026 ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു രാജസ്ഥാന് റോയല്‍സ് ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.