18ല്‍ മധുരം...
Friday, August 8, 2025 11:20 PM IST
മോണ്ട്രിയല്: കനേഡിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ 18കാരിയായ വിക്ടോറിയ എംബോക്കോയുടെ അദ്ഭുത കിരീട യാത്ര. വനിതാ ടെന്നീസിലെ അടുത്ത വമ്പന്‍ പേരുകാരിയാകും താനെന്നു വ്യക്തമാക്കിയായിരുന്നു എംബോക്കോയുടെ കുതിപ്പ്.
മുന്‍ ഗ്രാന്‍സ് ലാം ജേതാവായ ജപ്പാന്റെ നവോമി ഒസാക്കയെ ഫൈനലില്‍ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ എംബോക്കോ കീഴടക്കി. സ്കോര്‍: 2-6, 6-4, 6-1. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു എംബോക്കോയുടെ തിരിച്ചുവരവ് ജയം.
അട്ടിമറിച്ച് റിക്കാര്‍ഡിലേക്ക്
ആദ്യ റൗണ്ട് മുതല്‍ അട്ടിമറികളിലൂടെയായിരുന്നു എംബോക്കോയുടെ മുന്നേറ്റം. ആദ്യ റൗണ്ടില്‍ 23-ാം സീഡായ അമേരിക്കയുടെ സോഫിയ കെനിന്, പ്രീക്വാര്‍ട്ടറില്‍ ഒന്നാം സീഡ് അമേരിക്കയുടെ കൊക്കൊ ഗൗഫ്, സെമിയില്‍ ഒമ്പതാം സീഡ് കസാക്കിസ്ഥാന്റെ എലെന റെബാകിന എന്നിവരെയെല്ലാം അട്ടിമറിച്ചാണ് എംബോക്കോ ഫൈനലിലെത്തിയത്. എംബോക്കോയുടെ ഡബ്ല്യുടിഎ 1000 കന്നിക്കിരീടമാണ്.
ഓപ്പണ്‍ കാലഘട്ടത്തില്‍ ഒരു ഡബ്ല്യുടിഎ ടൂര്‍ണമെന്റില്‍ മൂന്നു മുന്‍ ഗ്രാന്സ്ലാം ചാമ്പ്യന്മാരെ (ഗൗഫ്, കെനിന്, റെബാകിന) കീഴടക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് എംബോക്കോ.
ഷെല്‍ട്ടണ്‍ ജേതാവ്
കനേഡിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ നാലാം സീഡായ ബെന്‍ ഷെല്‍ട്ടണ്‍ ചാമ്പ്യനായി. റഷ്യയുടെ 11-ാം സീഡായ കരെണ്‍ ഖാച്ചനോവിനെയാണ് ഷെല്‍ട്ടണ്‍ കീഴടക്കിയത്. സ്കോര്‍: 7-6 (7-5), 6-4, 7-6 (7-3). ഷെല്‍ട്ടണിന്റെ കന്നി എടിപി മാസ്റ്റേഴ്സ് 1000 കിരീടനേട്ടമാണ്.