അഞ്ച് മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു
Tuesday, August 12, 2025 2:08 AM IST
ഗാസ സിറ്റി: ഗാസയിലെ പ്രമുഖ റിപ്പോർട്ടർ അനസ് അൽ ഷരീഫ് (28) അടക്കം അൽ ജസീറ ചാനലിന്റെ അഞ്ചു മാധ്യമപ്രവർത്തകരെ ഇസ്രേലി സേന വ്യോമാക്രമണത്തിൽ വധിച്ചു. രാജ്യാന്തര മാധ്യമങ്ങൾക്കു പ്രവേശനമില്ലാത്ത ഗാസയിൽനിന്നു റിപ്പോർട്ടുകൾ നല്കിയിരുന്ന അനസ് നേരത്തേതന്നെ ഇസ്രേലിഭീഷണി നേരിട്ടിരുന്നു.
ഇന്നലെ ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയുടെ മുഖ്യ കവാടത്തിൽ മാധ്യമപ്രവർത്തകർക്കായുള്ള കൂടാരത്തെ ലക്ഷ്യമിട്ട ആക്രമണത്തിൽ ആകെ ഏഴു പേരാണു മരിച്ചത്. അൽ ജസീറ ലേഖകൻ മുഹമ്മദ് ഖുറെയ്ഖെ, കാമറാമാന്മാരായ ഇബ്രാഹിം സഹീർ, മുഹമ്മദ് നൗഫൽ, മോമൻ അലിവ എന്നിവരാണു വധിക്കപ്പെട്ട മറ്റു മാധ്യമപ്രവർത്തകർ.
അനസ് അൽ ഷരീഫിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന സ്ഥിരീകരിച്ചു.ഹമാസ് ഭീകര സംഘടനയുടെ സെൽ വിഭാഗം മേധാവിയായിരുന്നു അനസ് എന്നും ഇസ്രേലി സേന ആരോപിച്ചു.
എന്നാൽ, ആരോപണത്തിനു തെളിവു നല്കാൻ ഇസ്രയേലിനു കഴിഞ്ഞിട്ടില്ലെന്നും മാധ്യമപ്രവർത്തകരെ വധിച്ചശേഷം ഭീകരബന്ധം ആരോപിക്കുന്നത് ഇസ്രയേലിന്റെ പതിവു രീതിയാണെന്നും, മാധ്യമസ്വാതന്ത്ര്യത്തിനായി ന്യൂയോർക്ക് കേന്ദ്രമാക്കി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്’ (സിപിജെ) സംഘടന മറുപടി നല്കി.
മാധ്യമപ്രവർത്തകർക്കു പ്രവേശനമില്ലാത്ത ഗാസയിലെ യഥാർഥ സ്ഥിതി ലോകത്തെ അറിയിച്ചിരുന്ന ഏക ശബ്ദമായിരുന്നു അനസ് എന്നും ഗാസയ്ക്കുള്ളിൽനിന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരാതിരിക്കാനാണ് അദ്ദേഹത്തെ ഇസ്രയേൽ വധിച്ചതെന്നും അൽ ജസീറ മാനേജിംഗ് എഡിറ്റർ മുഹമ്മദ് മൊവാദ് പറഞ്ഞു.
അനസ് അൽ ഷരീഫ് ഹമാസിന്റെ മിലിട്ടറി വിഭാഗത്തിൽ അംഗമാണെന്ന് ഇസ്രേലി സേന ജൂലൈയിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഐക്യരാഷ്ട്രസഭ, സിപിജെ, അൽ ജസീറ എന്നിവർ അനസിന്റെ ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും വെവ്വേറെ പ്രസ്താവനകളിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ആരോപണത്തിന് ഒരടിസ്ഥാനവുമില്ലെന്ന് യുഎന്നിന്റെ അഭിപ്രായസ്വാതന്ത്ര്യ വിഭാഗം പ്രതിനിധി ഐറീൻ ഖാൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്രേലി ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞവർഷം ഓഗസ്റ്റിലുണ്ടായ വ്യോമാക്രമണത്തിൽ കാറിൽ ഇരിക്കുകയായിരുന്ന ഇസ്മയിൽ അൽ ഗൗൾ എന്ന ജേർണലിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. കാമറാമാൻ റാമി അൽ റിഫി, സമീപത്തുകൂടെ സൈക്കിളിൽ പോകുകയായിരുന്ന ബാലൻ എന്നിവരും കൊല്ലപ്പെട്ടു.
ഇസ്രേലി സേന 2023 ഒക്ടോബറിൽ പ്രത്യാക്രമണം ആരംഭിച്ചശേഷം 186 മാധ്യമപ്രവർത്തകരാണു ഗാസയിൽ കൊല്ലപ്പെട്ടിട്ടുള്ളത്.