ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സഹായവും പ്രഖ്യാപിച്ച് മാർപാപ്പ
Tuesday, August 12, 2025 2:07 AM IST
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ജീവനക്കാർക്ക് വിവിധ ആനുകൂല്യങ്ങളും സഹായവും നൽകാനുള്ള ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചു.
കുടുംബങ്ങള്‍ക്കായി വിവിധ അലവൻസുകൾ, പിതൃത്വ അവധിയില്‍ വർധനവ്, ഭിന്നശേഷി കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങൾ നല്കല് തുടങ്ങിയ സഹായപദ്ധതികൾക്കാണ് അനുമതി നൽകിയത്.
കുട്ടിയുടെ ജനനത്തിനുശേഷം ജീവനക്കാർക്ക് അഞ്ചു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും. ഗുരുതരമായ വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രതിമാസം മൂന്നു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും.
കുട്ടിയെ മുഴുവൻ സമയവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെങ്കിൽപ്പോലും അവധിയെടുക്കുന്നതിനും ജീവനക്കാര്‍ക്ക് അവസരമുണ്ട്. ഗുരുതരമായ വൈകല്യമുള്ളവരോ അംഗവൈകല്യമുള്ളവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങൾക്കും ഇതേ സാഹചര്യത്തിലുള്ള പെൻഷൻകാർക്കും പ്രതിമാസ സബ്സിഡിയും സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് കുടുംബ അലവന്‍സ് ആനുപാതികമായി വർധിപ്പിക്കാനും മാർപാപ്പ നിര്‍ദേശം നല്കി. വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളിലും മ്യൂസിയങ്ങളിലും മറ്റുമായി 5000ത്തോളം പേരാണു ജോലി ചെയ്യുന്നത്.