സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ജിഎസ്ടി കുറയ്ക്കണം: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്
Tuesday, August 12, 2025 12:16 AM IST
കോട്ടയം: സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ജിഎസ്ടി ഒരു ശതമാനമായി കുറച്ചു ജനോപകാരപ്രദമാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജിഎസ്ടി നിലവില്‍വരുമ്പോള്‍ പവന് 20,000 രൂപയായിരുന്ന സ്വര്‍ണവില ഇപ്പോള്‍ 75,000 രൂപയ്ക്കു മുകളിലാണ്. സ്വര്‍ണത്തിന്റെ വലിയ വിലവര്‍ധന ഒരു പവന് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 2,500 രൂപ നികുതി നല്‍കേണ്ടിവരുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ബാധ്യതയാണ്.
സ്വര്‍ണാഭരണശാലകളില്‍ ഉപയോഗിക്കുന്ന പത്തു മില്ലി ഗ്രാം കൃത്യതയുള്ള വെയിംഗ് ബാലന്‍സുകള്‍ മാറ്റി ഒരു മില്ലിഗ്രാം ബാലന്‍സുകള്‍ ആക്കണമെന്ന നിര്‍ദേശം ഉടന്‍ നടപ്പാക്കരുതെന്നും അനധികൃത സ്വര്‍ണ വ്യാപാരം നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്വര്‍ണപ്പണിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം സണ്ണി തോമസ് ഇടിമണ്ണിക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, റെജി ഫിലിപ്പ് ടെസ്കോ, ഷെഫീക്ക് ജി ഗോള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം ജില്ലാ കമ്മിറ്റി പുതിയ ജില്ലാ ഭാരവാഹികളായി സണ്ണി തോമസ് ഇടിമണ്ണിക്കല്‍ (പ്രസിഡന്റ്), റെജി ഫിലിപ്പ് ടെസ്കോ (ജനറല്‍ സെക്രട്ടറി) ഷഫീഖ് ജി. ഗോള്‍ഡ് (ട്രഷറര്‍) എന്നിവരെ 12 അംഗ എക്സിക്യൂട്ടീവും തെരഞ്ഞെടുക്കപ്പെട്ടു.