"രാഷ്ട്രീയപാർട്ടികൾ എതിർപ്പറിയിച്ചിട്ടില്ല'; ബിഹാർ വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം
Sunday, August 10, 2025 2:16 AM IST
സനു സിറിയക്
ന്യൂഡൽഹി: ബിഹാറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്നും എതിർപ്പോ അവകാശവാദമോ ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ.
വോട്ടർപട്ടിക പരിഷ്കരണത്തിനുശേഷം ഈ മാസം ഒന്നിനാണു കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടത്. ഏതെങ്കിലും തരത്തിൽ എതിർപ്പുള്ളവർക്ക് അന്നുമുതൽ തന്നെ കമ്മീഷനെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയും പരാതിയുമായി തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. നിലവിൽ 7252 വോട്ടർമാരിൽനിന്ന് തിരുത്തൽ ആവശ്യപ്പെട്ടുള്ള പരാതി ലഭിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
ചട്ടപ്രകാരം വോട്ടർപട്ടികയിൽ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചുകഴിഞ്ഞാൽ ഏഴു ദിവസത്തെ കാലാവധിക്കുള്ളിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്റ്റർ ഓഫീസർമാരോ അസി. ഇലക്ടറൽ രജിസ്റ്റർ ഓഫീസർമാരോ തീർപ്പാക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടപ്രകാരം വോട്ടർപട്ടിക പരിഷ്കരണത്തിനു കരട് പട്ടിക പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാൽ പട്ടികയിലുള്ള ഒരാളുടെ പേരും നീക്കം ചെയ്യില്ല. ഏകദേശം 60 ലക്ഷം വോട്ടർമാർ പട്ടികയ്ക്ക് പുറത്തു പോയിട്ടുണ്ടെന്നാണു കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണവും ചോദിച്ചിട്ടുണ്ട്.
ബിഹാർ വോട്ടർപട്ടിക വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 12ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. പട്ടികയിൽ കൂട്ടത്തോടെ ഒഴിവാക്കലുണ്ടായാൽ ഇടപെടുമെന്നും എല്ലാ പ്രക്രിയകളും നിർത്താൻ ഉത്തരവിടുമെന്നും നേരത്തെ ഹർജി പരിഗണിക്കവെ സുപ്രീംകോടതി വാക്കാൽ പരാമർശിച്ചിരുന്നു. അതിനാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം ഇക്കാര്യത്തിൽ നിർണായകമാകും.
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷപാർട്ടികൾ പാർലമെന്റിലടക്കം പ്രതിഷേധം തുടരുന്പോൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം പ്രസക്തമാണ്. വോട്ടർപട്ടിക വിവാദത്തിൽ തെരഞ്ഞെടുപ്പുകമ്മീഷൻ ആസ്ഥാനത്തേക്ക് നാളെ ഇന്ത്യ മുന്നണി നേതാക്കൾ മാർച്ച് നടത്തുന്നുണ്ട്.