വിദേശ വൈദികനു പൗരത്വം നൽകണമെന്ന് മേഘാലയ മുഖ്യമന്ത്രി
Monday, August 11, 2025 3:25 AM IST
ഷില്ലോംഗ്: സംസ്ഥാനത്തു വർഷങ്ങളായി സേവനം ചെയ്യുന്ന വയോധികനായ വിദേശവൈദികനു പൗരത്വമോ പത്തുവർഷത്തെ വീസയോ അനുവദിക്കണമെന്ന് കേന്ദ്രത്തോടു മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അയച്ച കത്തിലാണ് എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവുകൂടിയായ കോൺറാഡ് സാംഗ്മ ഈ ആവശ്യം ഉന്നയിച്ചത്.
വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ നൊംഗ്സ്റ്റൊയിൻ ടൗണിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന 80കാരനായ വൈദികനുവേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പതിറ്റാണ്ടുകളായി മേഘാലയയിൽ സേവനമനുഷ്ഠിക്കുന്ന ഈ വൈദികൻ നിലവിൽ എല്ലാ വർഷവും വീസ പുതുക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ വീസ പുതുക്കാനായി നൽകിയ അപേക്ഷ ഇനിയും പരിഗണിച്ചിട്ടില്ല.
അതേസമയം, മേഖലയിൽ ഈ വൈദികൻ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നു വ്യക്തമായതായും വീസ പുതുക്കിനൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. വൈദികന് പത്തുവർഷത്തെ വീസ നൽകാൻ തീരുമാനമായതായി സൂചനയുണ്ട്.
ഡോൺബോസ്കോ സന്യാസസമൂഹത്തിന്റെ റെക്ടർ മേജർ നടത്താനിരിക്കുന്ന സന്ദർശനം സുഗമമാക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും അമിത്ഷായോട് അഭ്യർഥിച്ചതായി കോൺറാഡ് സാംഗ്മ അറിയിച്ചു.