പുറത്തായവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ നിയമമില്ല
സനു സിറിയക്
Monday, August 11, 2025 3:25 AM IST
ന്യൂഡൽഹി: കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത വ്യക്തികളുടെ പ്രത്യേക പട്ടിക പ്രസിദ്ധീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തെത്തുടർന്ന് ഈ മാസം ഒന്നിനു പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽനിന്നു പുറത്തായവരുടെ പ്രത്യേക ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.
കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത ആളുകളുടെ പ്രത്യേക പട്ടിക തയാറാക്കാനോ പ്രസിദ്ധീകരിക്കാനോ ഏതു കാരണത്താലാണു പട്ടികയിൽനിന്ന് പുറത്തായത് എന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ നിയമം ആവശ്യപ്പെടുന്നില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. 1950ലെ ജനപ്രാതിനിധ്യ നിയമം, 1960ലെ ഇലക്ടറർമാരുടെ രജിസ്ട്രേഷൻ നിയമം എന്നിവ അടിസ്ഥാനമാക്കിയാണു കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
കരട് പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തികൾക്കു പേരുകൾ ഉൾപ്പെടുത്തുന്നതിനായി അവസരം നൽകുന്നുണ്ട്. എണ്ണൽ ഫോമുകൾ ലഭിച്ച എല്ലാവരുടെയും പേരുകൾ കരട് വോട്ടർപട്ടികയിൽ അടങ്ങിയിട്ടുണ്ട്. എണ്ണൽ ഫോമുകൾ ലഭിക്കാത്ത വോട്ടർമാരുടെ ബൂത്ത് ലെവൽ പട്ടിക കമ്മീഷൻ അതത് ബൂത്ത് ലെവൽ ഏജന്റുമാർക്ക് പങ്കിട്ടു. തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങൾകൂടി കണക്കിലെടുത്താണു കരട് പട്ടിക പ്രസിദ്ധീകരിച്ചത്.
വോട്ടർ പട്ടികയിൽനിന്നു യോഗ്യതയുള്ള ഒരാളുടെയും പേര് നീക്കം ചെയ്യില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തെറ്റായ ഉദ്ദേശ്യത്തോടെയാണു ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. അതിനെതിരേ കനത്ത പിഴ ചുമത്തണം. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടു ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാനാകില്ല. അതിനാൽ ഹർജി തള്ളണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയിൽ ആവശ്യപ്പെട്ടു.
കരട് വോട്ടർപട്ടികയിൽ പേരില്ല എന്നതിനർഥം അയാളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കി എന്നല്ല. നിലവിൽ ലഭിച്ച എണ്ണൽ ഫോമുകളുടെ അടിസ്ഥാനത്തിൽ മാത്രമാണു കരട് പട്ടിക തയാറാക്കിയത്. അതിൽ ചില മാനുഷിക കാരണങ്ങൾ നിമിത്തം ഒഴിവാക്കലോ ഉൾപ്പെടുത്തലോ സംഭവിച്ചേക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
ബിഹാർ വോട്ടർപട്ടിക പ്രസിദ്ധീകരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 2.5 ലക്ഷം വോളണ്ടിയർമാരെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ബിഹാറിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥരാണ്. ഇതോടൊപ്പം സൂക്ഷ്മപരിശോധനയ്ക്കായി കരട് വോട്ടർപട്ടികയുടെ അച്ചടിച്ചതും ഡിജിറ്റൽ പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്ക് ഓണ്ലൈനായി ഇതു പരിശോധിക്കാൻ സാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ബിഹാർ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും അതിന്റെ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടു സന്നദ്ധസംഘടനായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണു (എഡിആർ) സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടത്.
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഒരുകൂട്ടം ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ മറുപടി നിർണായകമാണ്. ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ മൂന്നാം തവണയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സത്യവാങ്മൂലം നൽകുന്നത്.