ഇന്ത്യയിലെ ക്രൈസ്തവര്‍ യൂറോപ്പിലേക്ക് പോകണോ: മാർ ഇഞ്ചനാനിയില്‍
Sunday, August 10, 2025 2:16 AM IST
താമരശേരി: പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന് ഹിന്ദുക്കള്‍ക്ക് ഇവിടെ പൗരത്വം നല്കിയതുപോലെ ഇന്ത്യയിലെ ക്രൈസ്തവര്‍ യൂറോപ്പിലേക്കു പോകണമോയെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
രാജ്യത്ത് ക്രൈസ്തവര്ക്കുനേരേനടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതംമാറ്റം എന്ന പേരില്‍ നിയമം കൊണ്ടുവന്ന് ക്രൈസ്തവലോകത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും രാജ്യത്തെ ക്രൈസ്തവര്‍ ആകുലതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കുനേരേ നടന്ന ആക്രമണത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നൂറിരട്ടി വര്‍ധനയാണ് മതപീഡനത്തില്‍ ഉണ്ടായത്.
രാജ്യത്ത് നക്സലേറ്റുകളുടെ ആക്രമണത്തിനെതിരേ എന്തു നടപടിയാണോ ആഭ്യന്തരമന്ത്രി അമിത്ഷാ സ്വീകരിച്ചത്, അതേ നടപടി ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കെതിരേയും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന്റെ തെളിവാണ് കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചതെന്നും ബിഷപ് പറഞ്ഞു. സംസ്ഥാനത്തെ മലയോര കര്‍ഷകരോടു സര്‍ക്കാര്‍ വഞ്ചനയാണ് കാട്ടുന്നത്.
വന്യമൃഗശല്യത്തിനെതിരേ സൗരവേലി കെട്ടിത്തരാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഇപ്പോള്‍ വേലിയുമില്ല, വാഗ്ദാനവുമില്ല. വീണ്ടും ആനിയിറങ്ങി കൃഷി നശിപ്പിച്ചു. കടുവയിറങ്ങി ജീവനു ഭീഷണി ഉയര്‍ത്തുന്നു. സര്‍ക്കാര്‍ കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കണം. ദയനീയമായ സാഹചര്യമാണ് കര്‍ഷകര്‍ക്ക് ഇന്നുള്ളത്. മൃഗങ്ങള്‍ക്കു കൊടുക്കുന്ന നീതി മനുഷ്യര്‍ക്കും കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു.