‘സിപിഎമ്മിന് ആർഎസ്എസിന്റെ സർട്ടിഫിക്കറ്റ് വേണ്ട’; സദാനന്ദൻ വധശ്രമക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് പി. ജയരാജൻ
Sunday, August 10, 2025 2:16 AM IST
കണ്ണൂർ: രാജ്യസഭാംഗവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ സി. സദാനന്ദനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സുപ്രീംകോടതി അപ്പീൽ തള്ളിയതിനെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളെ സിപിഎം നേതാവ് പി. ജയരാജൻ സന്ദർശിച്ചു.
സദാനന്ദൻ വധക്കേസ് പ്രതികൾക്കു മട്ടന്നൂരിൽ യാത്രയയപ്പ് നൽകിയതും ജയിലിൽ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയതിന ും പ്രതികളെ സിപിഎം നേതാക്കൾ സന്ദർശിക്കുന്നതിനെതിന ും എതിരേ ആർഎസ്എസ് വലിയ പ്രതിഷേധം ഉയർത്തുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിപിഎമ്മിന് ആർഎസ്എസിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതികരണം.
ആർഎസ്എസ് ഫാസിസ്റ്റ് സ്വഭാവമുള്ള ശക്തിയാണ്. അപ്പോൾ സ്വാഭാവികമായും അവർ സിപിഎമ്മിനെ എതിർക്കുന്നുവെന്നു പറയുമ്പോൾ അത് സിപിഎമ്മിന് ലഭിക്കുന്ന വലിയ അംഗീകാരമാണ്.
താൻ നേരത്തെതന്നെ ജയിലിലടയ്ക്കപ്പെട്ടവരെ സന്ദർശിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ജയിലിലെത്തി എല്ലാവരെയും നേരിട്ടു കണ്ടു. അവർക്ക് ആശംസകളർപ്പിച്ചു. ഇവരിൽ ചിലർ പ്രായമായവരും അസുഖബാധിതരുമാണ്.
അവർക്ക് ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇനി ഇവരുടെ വീടുകളിൽ പോയി ബന്ധുക്കളെ കണ്ട് ആശ്വസിപ്പിക്കണമെന്നും പി. ജയരാജൻ പറഞ്ഞു.
മട്ടന്നൂരിൽ പ്രതികൾ കോടതിയിലേക്ക് കീഴടങ്ങാൻ പോകുമ്പോൾ കെ.കെ. ശൈലജ എംഎൽഎ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകിയതു സംബന്ധിച്ച് നേരത്തെ പി. ജയരാജനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ചില അസൗകര്യങ്ങൾ കാരണമാണ് താൻ പോകാതിരുന്നതെന്നും ജയിലിൽ പോയി അവരെ കാണുമെന്നും പറഞ്ഞിരുന്നു.