ഭിന്നശേഷി സംവരണം; കോടതിവിധി നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്ന്
ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Sunday, August 10, 2025 2:16 AM IST
മാവേലിക്കര: ഭിന്നശേഷി സംവരണ കേസിൽ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പിലാക്കാൻ സർക്കാർ തയാറാകാത്തത് അംഗീകരിക്കാൻ കഴിയില്ലന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന നേതൃക്യാമ്പ് മാവേലിക്കര ജീവാരാമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക നിയമന അംഗീകാരം അനന്തമായി തടയുന്നത് പൊതു വിദ്യാഭ്യാസമേഖലയെ ആകെ തകർക്കുകയാണ്. വർഷങ്ങളായി കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് എന്ന സർക്കാർ വാദം പൊള്ളയായിരുന്നു.
കോടതിവിധി അധ്യാപകർക്ക് അനുകൂലമായി വന്നിട്ടും നിയമന അംഗീകാരം നൽകാൻ തയാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോടതിവിധി നിലനിൽക്കവെ, സമാന സ്വഭാവമുള്ള കാര്യത്തിൽ ഒരു വിഭാഗത്തിനു മാത്രം അനുകൂലമായി തീരുമാനമെടുത്തത് കോടതിയലക്ഷ്യവും അങ്ങേയറ്റം ഭരണഘടനാ വിരുദ്ധവുമാണ്. ഈ ഇരട്ട നീതി സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല.
പൊതുവിദ്യാഭ്യാസ മേഖലയെയും പതിനായിരക്കണക്കിനു വരുന്ന അധ്യാപകരെയും അങ്ങേയറ്റം ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തിൽ അടിയന്തര പരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉടൻ തയാറാവണമെന്നും ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി അറയ്ക്കൽ ആമുഖ സന്ദേശം നൽകി. ഫാ ഡാനിയേൽ തെക്കേടത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ബിജു, റോബിൻ മാത്യു, സി.ജെ. ആന്റണി , ബിജു പി ആന്റണി, സി.എ. ജോണി. ഫെലിക്സ് ജോ, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, സി.റ്റി. വർഗീസ്, സാൻ ബേബി, നീതു യോഹന്നാൻ, ബിബിൻ വൈദ്യൻ എന്നിവർ പ്രസംഗിച്ചു.