കൊല്ലത്തുനിന്നു കാണാതായ നാല് ആൺകുട്ടികൾ ബേക്കൽ ബീച്ചിൽ
Sunday, August 10, 2025 2:16 AM IST
ബേക്കൽ: കഴിഞ്ഞദിവസം കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കാണാതായ നാല് ആൺകുട്ടികളെ ബേക്കൽ പള്ളിക്കര റെഡ് മൂൺ ബീച്ചിൽ കണ്ടെത്തി. 14 വയസുള്ള നാല് കുട്ടികളെയും വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്.
ഇന്നലെ രാവിലെ ബേക്കൽകോട്ട സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കുട്ടികൾ നേരേ ബീച്ചിലേക്ക് പോകുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ചെറിയ കുട്ടികൾ മാത്രമായി ട്രെയിനിറങ്ങി നടന്നുപോകുന്നത് ബേക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് സിവിൽ പോലീസ് ഓഫീസർമാരായ എം.വി. വിനീഷും പ്രജിത് കുമാറും ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊല്ലത്തുനിന്ന് കാണാതായ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞത്.
ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് ഇരവിപുരം സ്റ്റേഷനിൽ കേസെടുത്ത വിവരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. ബേക്കൽ പോലീസ് ഇരവിപുരം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ ബേക്കലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.