കാർ തടഞ്ഞുനിർത്തി 20 ലക്ഷം തട്ടിയ ആറംഗ സംഘം അറസ്റ്റിൽ
Sunday, August 10, 2025 2:16 AM IST
മലപ്പുറം: കാർ പിന്തുടർന്ന് തടഞ്ഞുനിർത്തി ഗ്ലാസ് തകർത്ത് ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ആറുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 16ന് കരിപ്പൂർ സ്റ്റേഷൻ പരിധിയിയിലെ നെടുംകളരിയിലായിരുന്നു സംഭവം.
വളാഞ്ചേരി സ്വദേശിയായ മുസ്തഫയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ സംഘം നെടുംകളരിയിൽ വച്ച് വിലങ്ങി നിർത്തിയായിരുന്നു കവർച്ച നടത്തിയത്. സംഭവശേഷം പ്രതികൾ രക്ഷപ്പെട്ടു.
തുടർന്ന് കരിപ്പൂർ പോലീസിൽ ലഭിച്ച പരാതിയെത്തുടർന്ന് കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷൻ പരിധികളിലെ നൂറിലധികം സിസിടിവി കാമറ ദൃശ്യങ്ങളും സംശയിക്കപ്പെട്ട മുപ്പതോളം ആളുകളുടെ ഫോൺകോൾ, ടവർ ലൊക്കേഷൻ എന്നിവ പോലീസ് പരിശോധിച്ചു.
അന്വേഷണത്തിൽ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച നീല സ്വിഫ്റ്റ് കാറിന്റെ ആർസി ഉടമയെ കണ്ടെത്തി. പിന്നീട് ഈ കാർ വാടകയ്ക്ക് എടുത്തയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
കാർ വാടകയ്ക്കെടുത്ത് കൃത്യത്തിന് ഉപയോഗിച്ച കരിപ്പൂർ വീരാശേരി വീട്ടിൽ പി.വി. നിസാർ (31), പൂളക്കത്തൊടി വീട്ടിൽ കെ.സി. മുഹമ്മദ് ഷഫീഖ് (33), നയാബസാർ ചീക്കുകണ്ടി വീട്ടിൽ അബ്ദുനാസർ(35), കുളത്തൂർ പൂളക്കത്തൊടി സൈനുൽ ആബിദ്(25), ഇരുന്പിളിയം കുന്നത്തൊടി വീട്ടിൽ ഇർഷാദ്(31), പെരുവള്ളൂർ ചോലക്കൽ വീട്ടിൽ എ.പി. മുഹമ്മദ് മുസ്ഫർ (31) എന്നിവരെയാണ് കരിപ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. അബ്ബാസലിയുടെ നേതൃത്വത്തിൽ എഎസ്ഐ മുരളീധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ്, ശ്രീകാന്ത്, പ്രശാന്ത്, കൊണ്ടോട്ടി സബ് ഡിവിഷൻ ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, ഋഷികേശ്, സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ അനീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.