‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദം; പരാതി നല്കി കുക്കു പരമേശ്വരന്
Sunday, August 10, 2025 2:16 AM IST
കൊച്ചി: മെമ്മറി കാര്‍ഡ് വിവാദത്തില്‍ വനിതാ കമ്മീഷനു പരാതി നല്കി നടി കുക്കു പരമേശ്വരന്. സൈബര്‍ ആക്രമണങ്ങളില്‍ നടപടി തേടിയാണ് കുക്കു പരമേശ്വരന് വനിതാ കമ്മീഷനെ സമീപിച്ചത്.
മെമ്മറി കാര്‍ഡ് വിവാദത്തില്‍ നുണപ്രചാരണം നടക്കുന്നതായും സമൂഹമാധ്യമങ്ങളില്‍ നിരന്തരം വ്യാജപ്രചാരണം നടക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെയടക്കം സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് നേരത്തേ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ‘അമ്മ’ തെരഞ്ഞെടുപ്പിൽ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയാണ് കുക്കു പരമേശ്വരന്.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാളസിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ നടി കുക്കു പരമേശ്വരന് വിളിച്ച യോഗത്തില്‍ നടിമാരുടെ അനുഭവങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സംബന്ധിച്ചാണു പരാതികള്‍ ഉയര്‍ന്നത്.
ഇത് എവിടെയാണെന്നു കുക്കു പരമേശ്വരന് വ്യക്തമാക്കണമെന്നാണ് ഒരുവിഭാഗം നടിമാര്‍ ആവശ്യപ്പെട്ടത്. ഇവര്‍ പിന്നീട് ഡിജിപിക്കും ‘അമ്മ’യിലും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
2019ലായിരുന്നു സംഭവം. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു യോഗം വിളിച്ചതെന്നാണ് കുക്കു പരമേശ്വരന് പറഞ്ഞിരുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നടിമാര്‍ വ്യക്തമാക്കിയിരുന്നു.
പരസ്യ പ്രതികരണം വിലക്കി ‘അമ്മ’
കൊച്ചി: തെരഞ്ഞെടുപ്പിനിടെ താരസംഘടനയായ ‘അമ്മ’യില്‍ പരസ്യ പ്രതികരണത്തിനു വിലക്കേര്‍പ്പെടുത്തി. സംഘടനയിലെ ആഭ്യന്തരവിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിക്കരുതെന്നും നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണു വരണാധികാരിയുടെ നടപടി.
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചു വഷളാക്കരുതെന്നാണ് പ്രധാന നിര്‍ദേശം. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനൊപ്പം വോട്ട് ചെയ്യുന്നതില്‍നിന്നു മാറ്റിനിർത്തുമെന്നും വരണാധികാരി അറിയിച്ചു.
മെമ്മറി കാര്‍ഡ് വിഷയത്തിലും നടന് ബാബുരാജുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ചേരിതിരിഞ്ഞു താരങ്ങള്‍ പരസ്യ പ്രതികരണവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു.