മത്സരയോട്ടം വേണ്ട; സ്വകാര്യ ബസുകൾക്ക്പുതിയ സമയക്രമം കൊണ്ടുവരാൻ സര്‍ക്കാര്‍
Sunday, August 10, 2025 2:16 AM IST
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഷെഡ്യൂള്‍ സമയത്തില്‍ ഇടവേള കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഒരേ റൂട്ടില്‍ അഞ്ചു മിനിറ്റ് മുതല്‍ പത്തു മിനിറ്റിന്റെ വ്യത്യാസത്തില്‍ മാത്രം ഷെഡ്യൂള്‍ ക്രമീകരിക്കുന്ന പുതിയ നയം കൊണ്ടുവരാനാണു സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സ്വകാര്യ ബസുകളുടെ സമയത്തില്‍ നഗരങ്ങളില്‍ അഞ്ചു മിനിറ്റ് വ്യത്യാസവും ഗ്രാമങ്ങളില്‍ പത്തു മിനിറ്റിന്റെ വ്യത്യാസവും കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്താനായി റോഡ് സേഫ്റ്റി അഥോറിറ്റി രണ്ടു കോടി അനുവദിച്ചിട്ടുണ്ട്. റോഡില്‍ പലയിടങ്ങളിലായി ജിയോ ഫെന്‍സിംഗ് സ്ഥാപിക്കുന്നതുവഴി വാഹനങ്ങള്‍ കടന്നുപോകാനെടുക്കുന്ന സമയം പരിശോധിച്ചു വേഗത കണക്കാക്കാന്‍ കഴിയും. ഇതിലൂടെ തുടര്‍ച്ചയായ നിയമലംഘനങ്ങളും തടയാനാകും.
ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കേസുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന പോലീസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികളില്‍ നിയമിക്കാന്‍ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.