ധൻകർ എവിടെ ?; അമിത് ഷായ്ക്കു കത്തെഴുതി സഞ്ജയ് റൗത്ത്
Tuesday, August 12, 2025 3:13 AM IST
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എവിടെയെന്നന്വേഷിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ശിവസേന (ഉദ്ധവ്) എംപി സഞ്ജയ് റൗത്ത്.
പാർലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിവസം ഉപരാഷ്ട്രപതിപദവിയിൽനിന്നു രാജിവച്ചതിനുശേഷം ധൻകറിനെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ടുവെന്നും അദ്ദേഹം എവിടെയാണെന്ന ഒരു വിവരവും ലഭ്യമല്ലെന്നും സഞ്ജയ് കത്തിൽ പറയുന്നു.
ജൂലൈ 21ലെ രാജിമുതൽ വിവരങ്ങൾ ലഭ്യമല്ലാതിരിക്കുന്ന ഉപരാഷ്ട്രപതി നിലവിൽ എവിടെയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്നും സഞ്ജയ് അമിത് ഷായോടു കത്തിൽ ചോദിക്കുന്നു.
രാജ്യസഭയിലെ ചില അംഗങ്ങൾ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചു പരാജയപ്പെട്ടെന്നും അദ്ദേഹവുമായോ അദ്ദേഹത്തിന്റെ സ്റ്റാഫുമായോ യാതൊരു ആശയവിനിമയവും സാധ്യമാകാത്തത് ആശങ്കാജനകമാണെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
സത്യമറിയാൻ രാജ്യത്തിന് അവകാശമുണ്ട്. ധൻകർ എവിടെയാണെന്ന് ആശങ്കയുള്ളതിനാൽ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാൻ ആലോചിക്കുന്നുണ്ടെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു.
രാജിക്കുശേഷം ധൻകറിനെ വീട്ടിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ശക്തിപ്പെടുത്തുന്പോഴാണ് അദ്ദേഹം എവിടെയെന്നന്വേഷിച്ചു സഞ്ജയ് അമിത് ഷായ്ക്ക് കത്തയച്ചിരിക്കുന്നത്.
അപ്രതീക്ഷിത രാജിക്കുശേഷം പരസ്യപ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലാത്ത ധൻകർ എവിടെയാണെന്നതിൽ അമിത് ഷാ വ്യക്തത വരുത്തണമെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.