രാജ്യതലസ്ഥാനം തെരുവുനായ മുക്തമാക്കണം: സുപ്രീംകോടതി
Tuesday, August 12, 2025 3:14 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽനിന്നും തെരുവുനായ്ക്കളെ പൂർണമായും നീക്കംചെയ്യാൻ ഡൽഹി സർക്കാരിനോട് ഉത്തരവിട്ടു സുപ്രീംകോടതി.
ഏതെങ്കിലും വ്യക്തിയോ സംഘടനയോ നടപടിക്രമങ്ങൾ തടസപ്പെടുത്തിയാൽ കോടതിയലക്ഷ്യമുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നിർദേശം കർശനമായി പാലിക്കണമെന്നും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി വ്യക്തമാക്കി.
പേവിഷബാധയ്ക്ക് ഇരയായവരെ തിരികെ കൊണ്ടുവരാൻ മൃഗസ്നേഹികൾക്കു സാധിക്കുമോയെന്നും കോടതി ചോദിച്ചു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ തെരുവുനായ ആക്രമണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രസക്തമാണ്.
തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിനു കൈക്കൊള്ളേണ്ട നടപടികൾ അധികാരികൾക്കു തീരുമാനിക്കാം. അതിനായി ഒരു സേനയെ നിയോഗിക്കണമെങ്കിൽ അത് എത്രയും വേഗം ചെയ്യണമെന്നും കോടതി നിർദേശിച്ചു.
പിടികൂടുന്ന തെരുവുനായ്ക്കളെ ഡോഗ് ഷെൽട്ടറുകളിൽ പാർപ്പിക്കണം. എട്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ പൂർത്തിയാക്കി കോടതിക്ക് റിപ്പോർട്ട് കൈമാറണം. ഡോഗ് ഷെൽട്ടറുകളിൽ വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്പ് എന്നിവയ്ക്കു മതിയായ സൗകര്യമൊരുക്കണം. ഡോഗ് ഷെൽട്ടറുകളിൽ സിസിടിവി സ്ഥാപിക്കണം.
ഷെൽട്ടറുകളിൽ പാർപ്പിക്കുന്ന നായ്ക്കളുടെ ദൈനംദിന രേഖ സൂക്ഷിക്കണമെന്നും ഒരു തെരുവുനായയെപ്പോലും തുറന്നുവിടരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ, നായയുടെ കടിയേറ്റാൽ റിപ്പോർട്ട് ചെയ്യാൻ ഒരാഴ്ചയ്ക്കുള്ളിൽ ഹെൽപ് ലൈൻ സൃഷ്ടിക്കാനും കോടതി നിർദേശിച്ചു.