പ്രധാനമന്ത്രി ഫസൽ ഭീമ യോജന: 35 ലക്ഷത്തിലധികം കർഷകർക്കു സഹായമായി 3,900 കോടി
Tuesday, August 12, 2025 3:13 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി ഫസൽ ഭീമ യോജന (പിഎംഎഫ്ബിവൈ) പദ്ധതിക്കു കീഴിലുള്ള ആദ്യ ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചു കേന്ദ്ര സർക്കാർ.
35 ലക്ഷത്തിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,900 കോടിയിലധികം രൂപയാണ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിലൂടെ നേരിട്ട് കേന്ദ്രസർക്കാർ കൈമാറിയത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയും ചേർന്ന് രാജസ്ഥാനിലെ ജുൻജുനുവിൽ നിന്നാണ് തുകകളുടെ ആദ്യ ഗഡു കൈമാറിയത്.
ജുൻജുനു എയർസ്ട്രിപ്പിൽ നടന്ന ചടങ്ങിൽ ജുൻജുനു, സിക്കാർ, ജയ്പുർ തുടങ്ങിയ ജില്ലകളിൽനിന്നുള്ള ഏകദേശം 35,000 കർഷകർ സന്നിഹിതരായിരുന്നു. 23 സംസ്ഥാനങ്ങളിൽനിന്നു ലക്ഷക്കണക്കിനാളുകൾ വെർച്വലായും പരിപാടിയിൽ പങ്കെടുത്തു.
ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി, രാജസ്ഥാൻ കൃഷി മന്ത്രി ഡോ. കിരോഡി ലാൽ മീണ, കൃഷി സെക്രട്ടറി ദേവേഷ് ചതുർവേദി, പിഎംഎഫ്ബിവൈ സിഇഒ മുക്താനന്ദ് അഗർവാൾ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും കർഷകനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.