‘വോട്ട് കൊള്ള’യ്ക്കെതിരേ പ്രതിപക്ഷ മാർച്ച്
Tuesday, August 12, 2025 3:13 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ ‘വോട്ട് കൊള്ള’യ്ക്കെതിരേയും ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധനയ്ക്കെതിരേയും പ്രതിപക്ഷ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ നാടകീയ സംഭവവികാസങ്ങൾ.
പാർലമെന്റിൽനിന്ന് ആരംഭിച്ച മാർച്ച് തടയാൻ ഡൽഹി പോലീസ് റോഡിൽ ബാരിക്കേഡുകൾ നിരത്തിയെങ്കിലും തടസങ്ങളെ ചാടിക്കടന്നാണു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കോണ്ഗ്രസ് നേതാവായ ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തെ പാർലമെന്റിൽനിന്നും പാർലമെന്റിന്റെ തെരുവുകളിലേക്കെത്തിച്ചത്.
മാർച്ച് പാർലമെന്റ് സമുച്ചയത്തിൽനിന്നു പുറത്തുകടന്ന് ട്രാൻസ്പോർട്ട് ഭവനു സമീപത്തെത്തിയപ്പോഴായിരുന്നു ഇന്ത്യ മുന്നണി എംപിമാരെ പോലീസ് ബാരിക്കേഡുകൾ നിരത്തി തടഞ്ഞത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ആസ്ഥാനത്തേക്കു മാർച്ച് നടത്താൻ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
ഇതിനിടയിൽ അഖിലേഷ് ബാരിക്കേഡ് ചാടിക്കടന്നു മുന്നോട്ടു നീങ്ങുകയായിരുന്നു. പാർട്ടി അധ്യക്ഷനായ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കു പിന്നാലെ ധർമേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി എംപിമാരും കോണ്ഗ്രസ് എംപി ഡീൻ കുര്യാക്കോസും തൃണമൂൽ എംപി ഡെറിക് ഒബ്രിയനും അഖിലേഷിനോടൊപ്പം ബാരിക്കേഡുകൾ ചാടിക്കടന്നെത്തി.
തടസങ്ങൾ മറികടന്നെങ്കിലും ബാരിക്കേഡുകൾക്ക് തൊട്ടുമുന്നിൽത്തന്നെ നിലകൊണ്ടിരുന്ന അർധസൈനിക വിഭാഗവും പോലീസും ഇവരെ മുന്നോട്ടു നീങ്ങാൻ സമ്മതിക്കാതെ വന്നതോടെ എംപിമാർ റോഡിനു നടുവിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അര മണിക്കൂറോളം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതിനുശേഷം അഖിലേഷിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് പ്രത്യേക ബസിൽ സ്റ്റേഷനിലെത്തിച്ചു.
പ്രതിഷേധങ്ങൾക്കിടെ തൃണമൂലിന്റെ വനിതാ എംപിമാരായ മഹുവ മൊയ്ത്രയും മിതാലി ഭാഗും തലകറങ്ങി വീഴുകയും ചെയ്തു. മുന്നൂറോളം എംപിമാർ പങ്കെടുത്ത പ്രതിഷേധപ്രകടനത്തിനുശേഷം എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത് പ്രത്യേക ബസിലേക്കു മാറ്റുന്പോഴായിരുന്നു മഹുവ തലകറങ്ങി വീണത്.
റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെ തലകറങ്ങി വീണ മിതാലിയെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റി. അതിനിടെ വനിതാ എംപിമാരെ പോലീസ് കൈയേറ്റം ചെയ്യുകയും തള്ളുകയും ചെയ്തുവെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് ആരോപിച്ചു.