പ്രതിപക്ഷമില്ലാതെ ബില്ലുകൾ പാസാക്കി
Tuesday, August 12, 2025 3:13 AM IST
ന്യൂഡൽഹി: പ്രതിപക്ഷപാർട്ടികളുടെ അഭാവത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ബില്ലുകൾ അവതരിപ്പിച്ചും പാസാക്കിയും കേന്ദ്രസർക്കാർ. ദേശീയ കായിക ഭരണ ബിൽ 2025, ദേശീയ ഉത്തേജകവിരുദ്ധ ഭേദഗതി ബിൽ 2025 എന്നിവ ലോക്സഭ പാസാക്കി.
ഇതോടൊപ്പം പരിഷ്കരിച്ച ആദായനികുതി ബിൽ 2025 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. സെലക്ട് കമ്മിറ്റി നിർദേശിച്ച ശിപാർശകൾ ഉൾപ്പടുത്തിയാണു പരിഷ്കരിച്ച ബിൽ നിർമല ഇന്നലെ അവതരിപ്പിച്ചത്.
സമാനമായി രാജ്യസഭ മണിപ്പുർ ധനവിനിയോഗ ബില്ലും മണിപ്പുർ ജിഎസ്ടി ബില്ലും പാസാക്കി. ഗോവ നിയമസഭയിൽ പട്ടികവർഗക്കാർക്കു സംവരണം നൽകുന്നതിനുള്ള ബില്ലും മർച്ചന്റ് ഷിപ്പിംഗ് ബില്ലും രാജ്യസഭ ഇന്നലെ പാസാക്കി ലോക്സഭയിലേക്ക് തിരികെ അയച്ചു. നാലു ബില്ലുകളും ലോക്സഭ നേരത്തേ പാസാക്കിയിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ കായികരംഗത്തെ ഏറ്റവും വലിയ പരിഷ്കരണമാണു ദേശീയ കായികഭരണ ബില്ലെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 1961ലെ ആദായനികുതി നിയമത്തിനു പകരമായി കേന്ദ്രസർക്കാർ ഫെബ്രുവരി 13ന് അവതരിപ്പിച്ച ആദായനികുതി ബിൽ കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചിരുന്നു. തുടർന്ന് സെലക്ട് കമ്മിറ്റി നിർദേശിച്ച ശിപാർശകൾ ഉൾപ്പെടുത്തിയാണ് പരിഷ്കരിച്ച ബിൽ നിർമല സീതാരാമൻ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്.
നിലവിലെ ആദായനികുതി നിയമത്തിനു പകരമായി ആദായനികുതി നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ ബിൽ അവതരിപ്പിക്കുന്നതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. 285 ശിപാർശകളാണു സെലക്ട് കമ്മിറ്റി ശിപാർശ ചെയ്തത്. അതിൽ മിക്കതും അംഗീകരിച്ചതായി നിർമല അറിയിച്ചു.
രാജ്യസഭയിൽ ബില്ലിന്മേൽ ചർച്ച നടക്കുന്പോൾ പോലീസ് വിട്ടയച്ച എംപിമാർ തിരികെയെത്തി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധം തുടർന്നു. പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത കാര്യം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പരാമർശിച്ചപ്പോൾ സഭാധ്യക്ഷൻ ഇടപെട്ട് അംഗീകാരം നിഷേധിച്ചു.
തുടർന്ന് വിഷയത്തിലിടപ്പെട്ട രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ പരാമർശം നീക്കം ചെയ്യുമെന്നും ബില്ലിൽ ചർച്ച നടക്കുന്നതിനാൽ പ്രതിപക്ഷനേതാവിന്റെ പരാമർശം പ്രസക്തമല്ലെന്നും വ്യക്തമാക്കി. തുടർന്ന് ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കി രാജ്യസഭ പിരിഞ്ഞു.