മതത്തിനുവേണ്ടി ആയുധമെടുക്കാൻ മടിക്കില്ലെന്ന് ജൈന സന്യാസി
Tuesday, August 12, 2025 3:01 AM IST
മുംബൈ: പൊതുജനങ്ങൾ പ്രാവുകൾക്ക് തീറ്റകൊടുക്കുന്നത് തടയുന്നതിനായി നഗരത്തിലെ ദാദർ കബൂത്തർഖാന അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നിരാഹാരസമരം ആരംഭിക്കുമെന്ന് ജൈന സന്യാസി മുനി നിലേഷ്ചന്ദ്ര വിജയ് പറഞ്ഞു.
തങ്ങളുടെ മതചര്യകൾക്ക് എതിരായാൽ ഈ വിഷയത്തിലെ കോടതി ഉത്തരവുകൾ പാലിക്കില്ല. ജൈന സമുദായം സമാധാനവാദികളാണ്. പക്ഷേ, മതത്തിനു വേണ്ടി ആയുധമെടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സന്യാസിയുടെ വാക്കുകളോട് അകലം പാലിക്കുന്നതായി മഹാരാഷ്ട്രനൈപുണ്യ വികസന മന്ത്രി പ്രഭാത് ലോധ പറഞ്ഞു. കബൂത്തർഖാനകൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയിരുന്ന വ്യക്തിയാണ് ലോധ.
ഈ മാസം ആറിന്, നിരവധി പ്രതിഷേധക്കാർ കബൂത്തർഖാനയിലേക്ക് ഇരച്ചുകയറുകയും ബിഎംസി (നഗരസഭ) സ്ഥാപിച്ചിരുന്ന ടാർപോളിൻ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. പിന്നീട് സംഘം പോലീസുമായി ഏറ്റമുട്ടുകയും ചെയ്തത് വാർത്തകളിൽ നിറഞ്ഞു.
ഞായറാഴ്ച ബഎംസി ടാർപോളിൻ പുനഃസ്ഥാപിക്കുകയും മറ്റ് കേടുപാടുകൾ പരിഹരിക്കുകയും ചെയ്തു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രാവുകൾക്ക് തീറ്റകൊടുക്കുന്നതു വിലക്കാനുള്ള നീക്കം ബിഎംസി നടത്തിയത്.
ഇതേത്തുടർന്ന്, നഗരത്തിലെ കബൂത്തർഖാനകൾ അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയിട്ടില്ലെന്ന് ബോബെ ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും നഗരസഭയുടെ ഉത്തരവ് സ്റ്റേ ചെയ്തില്ല. വിഷയം വിദഗ്ധ സമിതി പഠിക്കട്ടെയെന്നും കോടതി നിരീക്ഷിച്ചു.