‘വോട്ടുകൊള്ള’: ഉത്തരം നൽകണമെന്ന് തരൂർ
Tuesday, August 12, 2025 3:13 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രതികരണങ്ങളിൽ ‘പാർട്ടി ലൈൻ’ പാലിക്കാത്ത ശശി തരൂർ ‘വോട്ടുകൊള്ള’വിവാദത്തിൽ കോണ്ഗ്രസിനോടൊപ്പം തന്നെ.
‘വോട്ടുകൊള്ള’യ്ക്കെതിരേ പ്രതിപക്ഷ എംപിമാർ ഇന്നലെ പാർലമെന്റിൽനിന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ പങ്കെടുത്ത തരൂർ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ സുതാര്യയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, വിശ്വാസ്യത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമായ മറുപടി നൽകണമെന്നും കോണ്ഗ്രസ് പ്രവർത്തകസമിതി അംഗമായ തരൂർ പ്രതിപക്ഷ മാർച്ചിനിടെ മാധ്യമങ്ങളോടു വ്യക്തമാക്കി.
രാഹുൽ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്.
ഗൗരവമായ ഉത്തരങ്ങൾ ലഭിക്കാൻ ഞങ്ങൾക്ക് അർഹതയുണ്ട്. ആശങ്കകൾ തെരഞ്ഞെടുപ്പു കമ്മീഷൻ മുഖവിലയ്ക്കെടുത്ത് പ്രതിപക്ഷം ആവശ്യപ്പെടുന്ന വിവരങ്ങൾ പങ്കുവയ്ക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ നീതിയുക്തമായ നടത്തിപ്പിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്കനുസൃതമായുള്ള പ്രതികരണങ്ങൾ എക്സിലും തരൂർ ആവർത്തിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ വോട്ടുകൊള്ള നടന്നിട്ടുണ്ടെന്ന് ആരോപിക്കാൻ രാഹുൽ ഉദ്ധരിച്ചത് തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വിവരമാണെന്നിരിക്കെ സത്യവാങ്മൂലം പോലെയുള്ള ഔപചാരികതകൾക്ക് ഊന്നൽ നൽകുന്നതിനു പകരം ആശങ്കകൾക്ക് ഉത്തരം നൽകുകയാണ് കമ്മീഷൻ ചെയ്യേണ്ടതെന്ന് തരൂർ എക്സിൽ കുറിച്ചു.
ചൂണ്ടിക്കാണിച്ച പാളിച്ചകൾക്ക് എളുപ്പത്തിൽ പ്രതികരണം നൽകാൻ കഴിയുമെന്നും രാഷ്ട്രം പ്രതികരണം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.