മരിച്ചുപോയ അക്കൗണ്ട് ഉടമയുടെ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കാൻ ഏകീകൃത നടപടിക്രമം
Tuesday, August 12, 2025 3:01 AM IST
മുംബൈ: മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക.
നോമിനികൾക്കും നിയമപരമായ അവകാശികൾക്കും വേണ്ടിയാണ് നടപടിക്രമം ലളിതമാക്കാനും വേഗത്തിലാക്കാനും റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. കാലതാമസം വന്നാൽ നോമിനികൾക്കും നിയമപരമായ അവകാശികൾക്കും നഷ്ടപരിഹാരവും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
ഇതിനുള്ള കരട് സർക്കുലർ പ്രസിദ്ധീകരിച്ച റിസർവ് ബാങ്ക് ഈ മാസം 27 വരെ അഭിപ്രായങ്ങൾ അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്. 2026 ജനുവരി ഒന്നോടെ നടപ്പാക്കാനാണ് നീക്കം. ബാങ്കുകൾ സ്റ്റാൻഡേർഡ് ഫോമുകൾ ഉപയോഗിക്കണമെന്നും അവ ബ്രാഞ്ചുകളിലും അവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കണം. ആവശ്യമായ രേഖകളുടെ പട്ടികയും ഘട്ടം ഘട്ടമായുള്ള ക്ലെയിം നടപടിക്രമങ്ങളും സഹിതമായിരിക്കണം ഇത് ലഭ്യമാക്കേണ്ടതെന്നും കരടിൽ നിർദേശിക്കുന്നു.
അക്കൗണ്ട് ഉടമകൾ മരിച്ച് ഏറെനാളായിട്ടും നടപടിക്രമത്തിലെ അവ്യക്തതമൂലം അവകാശികൾക്ക് ക്ലെയിം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിത്. അക്കൗണ്ടിലെ പണം ലഭിക്കാനും ലോക്കറിലെ വസ്തുക്കൾ ലഭിക്കാനുമായി അവകാശികൾ നൽകേണ്ട രേഖകൾ, അപേക്ഷാഫോം, എന്നിവ ഏകീകൃതമായിരിക്കും.
അവകാശിയെ നിർദേശിച്ചിട്ടുണ്ടെങ്കിൽ ക്ലെയിം ഫോം, അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റ്, നോമിനി, അവകാശിയുടെ തിരിച്ചറിയൽ രേഖ, മേൽവിലാസ രേഖ എന്നിവ നൽകിയാൽ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. നോമിനിയെ നിർദേശിച്ചിട്ടില്ലെങ്കിൽ അവകാശിയെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം. ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച് കരട് സർക്കുലറിൽ പറയുന്നുണ്ട്.
ക്ലെയിം അപേക്ഷ ലഭിച്ച് രേഖകളിലെ അവ്യക്തതമൂലം തീർപ്പാക്കൽ വൈകുകയാണെങ്കിൽ ബാങ്കുകൾ അക്കാര്യം രേഖാമൂലം അറിയിച്ച് കഴിവതും വേഗം പുതിയ രേഖകൾ വാങ്ങി പ്രശ്നം പരിഹരിക്കണം.
ക്ലെയിം തീർപ്പാക്കൽ നടപടിക്രമം ബാങ്കുകൾ അവയുടെ വെബ്സൈറ്റിൽ വിശദമായി നൽകണം. 15 ദിവസത്തിനുള്ളിൽ ക്ലെയിം തീർപ്പാക്കിയില്ലെങ്കിൽ ബാങ്കിൽ നിലവിലുള്ള പലിശനിരക്കിന് പുറമേ പ്രതിവർഷം നാലുശതമാനം അധിക പലിശ കൂടി നൽകേണ്ടി വരും.
ലോക്കറുകളുടെ കാര്യത്തിൽ വൈകുന്ന ഓരോ ദിനത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കരടിൽ പറയുന്നു.