മണിപ്പുരിൽ മൂന്നു തീവ്രവാദികൾ പിടിയിൽ
Wednesday, August 13, 2025 1:51 AM IST
ഇംഫാൽ: മണിപ്പുരിൽ തീവ്രവാദികൾക്കെതിരേ സുരക്ഷാസേനയുടെ പരിശോധന തുടരുന്നു. തൗബാൽ, ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ ഇന്നലെ നടത്തിയ മണിപ്പുർ പോലീസ് പരിശോധനയിൽ മൂന്നു ഭീകരരെ പിടികൂടി.
തൗബാലിലെ ഖോങ്ജോം മേഖലയിലെ ടെക്ചാംമാനിംഗ്ചിംഗിൽനിന്ന് അറസ്റ്റിലായ ആൾ സുരക്ഷാസേനയെ ആക്രമിച്ചതുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ്. പിസ്റ്റളുകളും വെടിയുണ്ടകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഇംഫാൽ ഈസ്റ്റിലെ ഖുറൈ ചൈതാബി ലെയ്റാക്കിൽനിന്നും മറ്റൊരു തീവ്രവാദിയെയും പിടികൂടി.
സംഘടനകൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനു വിവിധ കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു. ഇംഫാൽ ഈസ്റ്റിൽനിന്നുതന്നെയാണു മൂന്നാമത്തെയാളെയും അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു.