ഗാസ യുദ്ധം: കേന്ദ്രസർക്കാരിന്റെ മൗനം ലജ്ജാകരമെന്ന് പ്രിയങ്ക ഗാന്ധി
Wednesday, August 13, 2025 1:51 AM IST
ന്യൂഡൽഹി: ഗാസയിൽ ഇസ്രയേലിന്റെ വംശഹത്യ തുടരുന്പോഴും പ്രതികരിക്കാതെ മൗനം പാലിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. 18,430 കുട്ടികളെയടക്കം 60,000ത്തിലധികം ജനങ്ങളെ ഇസ്രയേൽ ഭരണകൂടം കൊലപ്പെടുത്തിയിട്ടും കേന്ദ്രസർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.
ഇത്തരം കുറ്റകൃതൃങ്ങൾക്ക് മൗനാനുവാദം നൽകുന്നതും നടപടികളെടുക്കാതിരിക്കുന്നതും ഒരു കുറ്റകൃത്യം തന്നെയാണ്. ഇസ്രയേൽ നിരവധി കുട്ടികളെയടക്കം നൂറുകണക്കിനു പേരെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്നും ലക്ഷക്കണക്കിനു പേരെ പട്ടിണിക്കിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ഗാസയിൽ അൽ ജസീറ മാധ്യമസംഘം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരുടെ അസാമാന്യ ധൈര്യത്തെ ഇസ്രയേലിന്റെ വെറുപ്പിനും അക്രമങ്ങൾക്കും തകർക്കാൻ കഴിയില്ലെന്ന് പ്രിയങ്ക പറഞ്ഞു.
മാധ്യമങ്ങൾ വാണിജ്യത്തിനും അധികാരത്തിനും അടിമപ്പെട്ട ലോകത്തിൽ ഇവർ യഥാർഥ മാധ്യമപ്രവർത്തനമെന്താണെന്ന് ഓർമിപ്പിച്ചുവെന്നും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രിയങ്ക കൂട്ടിച്ചേർത്തു.
അതിനിടെ, പ്രിയങ്കയുടെ ആരോപണങ്ങൾക്കെതിരേ ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ തിരിച്ചടിച്ചു. സാധാരണക്കാരുടെ പിന്നിൽ ഒളിച്ചിരിക്കാനുള്ള ഹമാസിന്റെ ഹീനമായ തന്ത്രങ്ങൾ മൂലമാണ് ഗാസയിൽ മനുഷ്യർ കൊല്ലപ്പെടുന്നതെന്ന് ഇസ്രയേൽ അംബാസഡർ റൂവൻ അസർ പ്രിയങ്കയ്ക്കു മറുപടിയായി എക്സിൽ എഴുതി.
ഗാസയിലേക്ക് രണ്ടു ദശലക്ഷം ടണ്‍ ഭക്ഷണസാധനങ്ങളെത്തിക്കാൻ ഇസ്രയേൽ സഹായം ചെയ്തുവെന്നും എന്നാൽ ഹമാസ് അതു പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നും അതുകൊണ്ടാണ് ഗാസയിൽ പട്ടിണിയുണ്ടായതെന്നും റൂവൻ വിശദീകരിച്ചു.
കഴിഞ്ഞ 50 വർഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450 ശതമാനമായി വർധിച്ചുവെന്നും അവിടെ വംശഹത്യയില്ലെന്നും റൂവൻ അസർ പറഞ്ഞു. നിങ്ങളുടെ വഞ്ചന ലജ്ജാകരമാണെന്നും ഹമാസ് നൽകുന്ന കണക്കുകൾ വിശ്വസിക്കരുതെന്നും പ്രിയങ്കയെ വിമർശിച്ചുകൊണ്ട് ഇസ്രയേൽ അംബാസഡർ കൂട്ടിച്ചേർത്തു.
ഇതിനു പിന്നാലെ ഇസ്രയേൽ അംബാസഡറുടെ പ്രതികരണത്തെ വിമർശിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് രംഗത്തെത്തി. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും രണ്ടു രാഷ്ട്രമെന്ന പ്രതിവിധിയിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും ഗൗരവ് പറഞ്ഞു.
കോണ്‍ഗ്രസിന് ഇസ്രയേൽ അംബാസഡറുടെ അധ്യാപനം ആവശ്യമില്ലെന്നും ഗൗരവ് വ്യക്തമാക്കി.