വോട്ടർപട്ടിക തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവേചനാധികാരം: സുപ്രീംകോടതി
Wednesday, August 13, 2025 1:51 AM IST
സനു സിറിയക്
ന്യൂഡൽഹി: പൗരന്മാരെയും പൗരന്മാരല്ലാത്തവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണോ ഒഴിവാക്കണോ എന്നതു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവേചനാധികാര പരിധിയിൽ വരുമെന്നു നിരീക്ഷിച്ച് സുപ്രീംകോടതി.
ആധാർ കാർഡ് പൗരത്വത്തിനു നിർണായക തെളിവല്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ശരിയാണെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ (എസ്ഐആർ) സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ വാദം കേൾക്കുന്നതിനിടയിലായിരുന്നു കോടതി നിരീക്ഷണം. വോട്ടർപട്ടികയിൽ ഉൾപ്പെടുന്നതിനു യോഗ്യത തെളിയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തെളിവായി പട്ടികപ്പെടുത്തിയ രേഖകൾ ബിഹാറിലെ ഭൂരിഭാഗം ജനങ്ങളുടെയും കൈവശമില്ലെന്ന ഹർജിക്കാരുടെ വാദത്തോടും സുപ്രീംകോടതി യോജിച്ചില്ല.
ഹർജിക്കാരുടെ വാദം മാത്രമാണു കോടതി ഇന്നലെ കേട്ടത്. കേസിൽ ഇന്നും വാദം തുടരും. അതേസമയം, ചില വിഷയങ്ങളിൽ പരിഹാരനടപടികൾ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് കൂട്ട ഒഴിവാക്കൽ നടക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഭൂരിഭാഗവും സാധാരണക്കാരുടെ പക്കലില്ലെന്നുമാണ് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ബിഹാറിൽ ആർക്കും ഇത്തരം രേഖകളില്ലെന്നതു തെറ്റായ ഒരു വാദമാണെന്ന് ജസ്റ്റീസ് സൂര്യകാന്ത് നിരീക്ഷിച്ചു.
പൗരത്വം തെളിയിക്കുന്നതിന് ഏതെങ്കിലും ഒരു രേഖ ആളുകളുടെ കൈയിലുണ്ടാകുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 2003ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട വ്യക്തികളും അവരുടെ കുട്ടികളും ഒരു ഫോമും സമർപ്പിക്കേണ്ടിവരില്ലെന്നും ഏകദേശം 6.5 കോടി വോട്ടർമാർ ഈ വിഭാഗത്തിൽ വരുമെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം.
ഹർജിക്കാരുടെ വാദങ്ങൾ വെറും ഊഹാപോഹങ്ങളാണെന്നും പ്രക്രിയ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി.
അതേസമയം, കൃത്യമായ അന്വേഷണം നടത്താതെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കുകൾ നൽകിയതും കരട് വോട്ടർപട്ടിക പുറത്തുവിട്ടതെന്നും ഹർജിക്കാർ വാദിച്ചു.
കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം ആളുകളുടെ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ആരെയാണ് ഒഴിവാക്കിയതെന്നും അതിനുള്ള കാരണവും കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പറഞ്ഞു.
എന്നാൽ, കാരണം വ്യക്തമാക്കുന്നതിനു നിലവിലെ നിയമം അനുശാസിക്കുന്നില്ലെന്നാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. വിഷയത്തിൽ ഇന്നും വാദം തുടരും.
മരിച്ചതായി തെര. കമ്മീഷൻ പ്രഖ്യാപിച്ച രണ്ടുപേർ കോടതിയിൽ
ന്യൂഡൽഹി: മരിച്ചുപോയി എന്ന കണ്ടെത്തലിൽ തെരഞ്ഞടുപ്പു കമ്മീഷൻ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ രണ്ടു പേരെ സുപ്രീംകോടതിയിൽ ഹാജരാക്കി, ഹർജിക്കാരിൽ ഒരാളായ പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ്. മരിച്ചു പോയി എന്ന കാരണം ചൂണ്ടിക്കാട്ടി ഇവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കി.
ഇത്തരം നിരവധി ക്രമക്കേടുകൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ടെന്നും യോഗേന്ദ്ര യാദവ് കോടതിയിൽ ആരോപിച്ചു.
സുപ്രീംകോടതി അഭിഭാഷകനല്ലാത്ത യോഗേന്ദ്ര യാദവിനു തന്റെ ഭാഗം അവതരിപ്പിക്കുന്നതിന് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, യോഗേന്ദ്ര യാദവ് നടത്തിയത് നാടകമാണെന്നാണ് തെരഞ്ഞടുപ്പു കമ്മീഷന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.