വോട്ട് കൊള്ള ആദ്യം വെളിച്ചത്തു വന്നത് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുശേഷം: ചെന്നിത്തല
Wednesday, August 13, 2025 1:51 AM IST
പൂന: വോട്ടുകൊള്ള ആദ്യം വെളിച്ചത്തു വന്നത് 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
വിവിധ മണ്ഡലങ്ങളിൽ വോട്ടുകൊള്ള സംബന്ധിച്ച വിവരങ്ങൾ നല്കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അവഗണിച്ചുവെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള ചെന്നിത്തല പറഞ്ഞു. പൂനയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 48ൽ 30 സീറ്റ് നേടിയ മഹാ വികാസ് അഗാഡിക്ക് നാലു മാസം കഴിഞ്ഞു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 288ൽ 46 സീറ്റ് മാത്രമാണു ലഭിച്ചത്. ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും സംയുക്തമായി ഞങ്ങളുടെ വിജയം തട്ടിയെടുക്കുകയായിരുന്നു. ഇതുതന്നെയാണ് ഹരിയാനയിൽ നടന്നത്.
ബിഹാറിൽ സംഭവിക്കാൻ പോകുന്നതും അതാണ്. വോട്ടുകൊള്ളയ്ക്കെതിരേ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കും. മോദിയും അമിത് ഷായും അധികാരത്തിൽ തുടരുന്നിടത്തോളം കാലം രാജ്യത്ത് ജനാധിപത്യമുണ്ടാകില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ രാജ്യത്ത് അസാധ്യമായി മാറി’’ - രമേശ് ചെന്നിത്തല പറഞ്ഞു.