ഗവർണറുടെ സർക്കുലർ: ആകെ ആശയക്കുഴപ്പം
Wednesday, August 13, 2025 1:50 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യദിന തലേന്ന് സംസ്ഥാനത്തെ കോളജുകളിൽ വിഭജനഭീതി ദിനമായി ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സർക്കുലർ സർവകലാശാലകളിൽ വിവാദത്തിനു വഴിയൊരുക്കുന്നു.
ഗവർണറുടെ സർക്കുലർ കോളജുകൾക്ക് അയച്ചുകൊടുത്ത കേരള സർവകലാശാല കോളജ് വികസനസമിതി ഡയറക്ടർ പിന്നീട് തിരുത്തിയ പുതിയ സർക്കുലർ അയച്ചു. ഇക്കാര്യത്തിൽ കോളജുകൾക്കു തീരുമാനമെടുക്കാമെന്നായിരുന്നു രണ്ടാമത്തെ സർക്കുലറിൽ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിയുടെ നിലപാടും കോളജുകളിൽനിന്ന് എതിർപ്പ് ഉയർന്നതുമാണു പുതിയ സർക്കുലർ ഇറക്കാനിടയാക്കിയ സാഹചര്യം. എന്നാൽ, പുതിയ സർക്കുലറിനെക്കുറിച്ച് അറിയില്ലെന്നു കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
മുൻ നിശ്ചയപ്രകാരം കോളജുകൾ മുന്നോട്ടു പോകണമെന്നും വിസി നിർദേശിച്ചു. തിരുത്തിയ സർക്കുലർ ഇറക്കിയതിനു പിന്നാലെ കോളജ് വികസന സമിതി ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ഡോ. ബി. ബിജു വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.
വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി കോളജുകളിൽ സെമിനാറുകൾ, പ്രസംഗങ്ങൾ, നാടകങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കണമെന്നാണു ഗവർണർ നിർദേശിച്ചത്. ഓരോ കോളജിലും നടത്തിയ പരിപാടികൾ സംബന്ധിച്ച വിശദാംശങ്ങൾ രാജ്ഭവനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, സർവകലാശാലകൾ ഇക്കാര്യത്തിൽ പൊതുവേ വിമുഖത കാട്ടിയതായാണ് അറിയാൻ കഴിയുന്നത്. വൈസ് ചാൻസലർമാർ മേൽനടപടികൾക്കായി രജിസ്ട്രാർമാർക്കു നിർദേശം നൽകി. കേരള, കണ്ണൂർ, കെടിയു വൈസ് ചാൻസലർമാർ അതതു സർവകലാശാലകൾക്കു കീഴിലുള്ള കോളജ് പ്രിൻസിപ്പൽമാർക്കാണു നിർദേശം നൽകിയത്. കുസാറ്റ് വിസി സെമിനാർ സംഘടിപ്പിക്കാൻ നിർദേശം നൽകി.
ബിജെപി ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളും ഗവർണറുടെ നീക്കത്തെ ശക്തമായി എതിർത്തിട്ടുണ്ട്. എബിവിപി ഒഴികെയുള്ള വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും എതിർപ്പുയർത്തിയിട്ടുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ നടത്തിയാൽ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ തടസപ്പെടുത്തുമോ എന്നും കണ്ടറിയണം. ദിനാചരണം കാന്പസുകളെ സംഘർഷഭരിതമാക്കുമോ എന്ന ആശങ്കയുമുണ്ട്.
ഇത്തരം നടപടികൾ സമൂഹത്തിന്റെ ഐക്യവും സമാധാനവും ദേശാഭിമാനവും ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി സംസ്ഥാനത്തെ എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാർക്കും കത്ത് അയച്ചു.