കള്ളവോട്ടു വിവാദം;: സുരേഷ് ഗോപിക്കെതിരേ പരാതി; അന്വേഷണത്തിനു തീരുമാനം
Wednesday, August 13, 2025 1:00 AM IST
തൃശൂർ: കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപിക്കെതിരേ മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ ടി.എൻ. പ്രതാപൻ പോലീസിൽ പരാതി നൽകി.
വ്യാജരേഖയും വ്യാജസത്യവാങ്മൂലവും നൽകി തൃശൂർ നിയമസഭാമണ്ഡലത്തിൽ സുരേഷ്ഗോപി വോട്ടു ചേർത്തുവെന്നു സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എസിപിക്ക് അന്വേഷണ ചുമതല നൽകിയതായി കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി സുരേഷ് ഗോപി തൃശൂരിലേക്കു വോട്ട് മാറ്റിച്ചേർത്തതു നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണ്. തിരുവനന്തപുരത്തു സ്ഥിരതാമസക്കാരനായ സുരേഷ്ഗോപി വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നന്പർ ബൂത്തിൽ വോട്ട് ചേർത്തത്.
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിലെ 22/1788 വീട്ടുനന്പറിലെ സ്ഥിരതാമസക്കാരനായ സുരേഷ്ഗോപിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേപടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിനു തെളിവാണെന്നു പ്രതാപൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
തൃശൂരിൽ സുരേഷ് ഗോപി നടത്തിയത് അസത്യപ്രസ്താവനയാണ്. ഇതേ മാർഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപ്പെടെ പതിനൊന്നു പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് വോട്ടർപട്ടികയിൽ ചേർത്തിട്ടുള്ളത്. വ്യാജ സത്യവാങ്മൂലം നൽകി അനർഹനായി വോട്ടർപട്ടികയിൽ കയറിക്കൂടിയ ഒരാൾക്കു ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്നു പ്രതാപൻ മാധ്യമങ്ങളോടു പറഞ്ഞു.
വ്യാജ വോട്ടർമാരെ അടിയന്തരമായി നീക്കംചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണം. ഇതുസംബന്ധിച്ച പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നൽകുമെന്നും പ്രതാപൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനും എഐസിസി അംഗം അനിൽ അക്കരയ്ക്കുമൊപ്പം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് ടി.എൻ. പ്രതാപൻ പരാതി നല്കിയത്.