എംഎസ്സി എല്‍സ കമ്പനിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
Wednesday, August 13, 2025 1:00 AM IST
കൊച്ചി: കപ്പല്‍ മുങ്ങി മത്സ്യബന്ധനം തടസപ്പെട്ടതിനെത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബോട്ടുടമകള്‍ നല്കിയ ഹര്‍ജിയില്‍ എംഎസ്സി എല്‍സ കമ്പനിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്.
2.60 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് ബോട്ടുടമകള്‍ നല്കിയ അഡ്മിറാലിറ്റി സ്യൂട്ടിലാണ് വിഴിഞ്ഞം തുറമുഖത്തെത്തിയ എംഎസ്സി കമ്പനിയുടെ പലേര്‍മോ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് എസ്. ഈശ്വരന് ഉത്തരവിട്ടത്.
ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന തുക കോടതിയില്‍ കെട്ടിവച്ചാല്‍ കപ്പല്‍ വിട്ടയക്കണമെന്ന നിര്‍ദേശത്തോടെയാണ് ഉത്തരവ്. ബോട്ടുടമകളായ ആലപ്പുഴ സ്വദേശി ഷാജി, എറണാകുളം സ്വദേശികളായ ടി.ജി.വേണു, പുരുഷോത്തമന്, ടി.ബി.സതീശന് എന്നിവര്‍ യഥാക്രമം 1.30 കോടി, 59.86 ലക്ഷം, 35.08 ലക്ഷം, 34.79 ലക്ഷം രൂപവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മത്സ്യബന്ധനത്തിനു തടസമായതായി ഹര്‍ജിയില്‍ പറയുന്നു.