മാസ്റ്റര്‍ പ്ലാനോടെ മനം കവരാന്‍ കടമക്കുടി
Wednesday, August 13, 2025 1:00 AM IST
കൊച്ചി: വ്യവസായി ആനന്ദ് മഹീന്ദ്രയുടെ മനം കവര്‍ന്ന കടമക്കുടി കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലപ്പെടുത്താന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) മാസ്റ്റര്‍ പ്ലാന്‍ തയാറാക്കൽ ആരംഭിച്ചു.
അടുത്ത എട്ടു മാസം കടമക്കുടിയുടെ ടൂറിസം സാധ്യതകള്‍ വിശദമായി പഠിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മുഖം മിനുക്കി സഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാകാനുള്ള തയാറെടുപ്പിലാണ് കടമക്കുടി.
നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന റീലുകളിലൂടെ കൊച്ചിയുടെ മുഖമായി മാറിയ കടമക്കുടി ഒന്നുകൂടി മിനുങ്ങാനുള്ള ഒരുക്കത്തിലാണ്. ജില്ലയിലെ കാമ്പസുകളിലെ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ സേവനം പ്രയോജനപ്പെടുത്തിയാകും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക.
എക്കല്‍ വില്ലനാകും
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെരിയാറിന്റെ ആഴം ഇല്ലാതാക്കി അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ ചെളി നീക്കം ചെയ്യാതെ ടൂറിസം വികസനവുമായി മുന്നോട്ടുപോകാനാകില്ല. വലിയ ബോട്ടുകളെയടക്കം പ്രതീക്ഷിക്കുന്ന മേഖലയില്‍ കഴിഞ്ഞ വേലിയേറ്റകാലത്ത് ചങ്ങാടം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ പെരിയാറിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ എക്കല്‍ ജലഗതാഗത്തിനു ഭീഷണിയാണെന്ന് കടമക്കുടി നിവാസികള്‍ പറയുന്നു.
പൊക്കാളിപ്പാടങ്ങള്‍ ഗണ്യമായി കുറഞ്ഞുവരുന്നതിലും പഠനം നടത്തി ഇവ പരിപോഷിപ്പിക്കുതിനാവശ്യമായ നീക്കങ്ങളും ഉള്‍ക്കൊള്ളിച്ചാകും മാസ്റ്റര്‍ പ്ലാനിന്റെ അന്തിമ രൂപം.
കടമക്കുടി കാഴ്ചകളുമായി ബോട്ട് യാത്ര
സമഗ്രമായ സ്വാഭാവിക പ്രകൃതിസൗന്ദര്യത്തെ പൂര്‍ണമായി സംരക്ഷിച്ചു വേണം കടമക്കുടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടതെന്നു മന്ത്രി പി. രാജീവ് നിർദേശിച്ചു.
കടമക്കുടിയുടെ അനന്ത ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി ബോള്‍ഗാട്ടി റോറോ ജെട്ടിയില്‍നിന്ന് ആരംഭിച്ച ‘കടമക്കുടി കാഴ്ചകൾ’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കടമക്കുടിയുടെ ടൂറിസം സാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാലി ഓഫ് ഹെവന്‍ സെമിനാറിനോടനുബന്ധിച്ചാണു ‘കടമക്കുടി കാഴ്ചകള്‍’ എന്നപേരില്‍ ബോട്ട് യാത്ര സംഘടിപ്പിച്ചത്.