സ്ത്രീകളുടെ തിരോധാനം; വിരമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർ സംശയത്തിന്റെ നിഴലിൽ
Tuesday, August 12, 2025 1:05 AM IST
ചേർത്തല: സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിരമിച്ച രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംശയത്തിന്റെ നിഴലിലെന്ന് അന്വേഷണസംഘം. ഉടൻ ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന.
തിരോധാനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി എന്നു സംശയിക്കപ്പെടുന്ന പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് ഇവരാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.ആദ്യ തിരോധാന കേസ് കടക്കരപ്പള്ളി സ്വദേശിനി പത്മാനിവാസിൽ ബിന്ദു പത്മനാഭന്റേതാണ്.
ബിന്ദുവിന്റെ സഹോദരൻ ഇറ്റലിയിൽ സ്ഥിരതാമസമാക്കിയ പ്രവീൺ നൽകിയ പരാതിയിൽ സെബാസ്റ്റ്യനെ ആദ്യ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തതാണ്. അന്ന് ചോദ്യം ചെയ്തപ്പോൾ ബിന്ദുവിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമായി ഇവരോട് സെബാസ്റ്റ്യൻ പറഞ്ഞിരുന്നു.
ലോക്കൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നതിന് ഈ രണ്ട് ഉദ്യോഗസ്ഥരും സാക്ഷിയായിരുന്നു. ഈ രണ്ടു ഉദ്യോഗസ്ഥരും സെബാസ്റ്റിനെ അകമഴിഞ്ഞ് സഹായിച്ചെന്നും പിന്നീട് കേസ് അട്ടിമറിക്കപ്പെട്ടുവെന്നും ആരോപണം ഉയർന്നിരുന്നു.
അന്വേഷണ പുരോഗതിയിൽ പിന്നീടുണ്ടായ അലസതയും സെബാസ്റ്റ്യന്റെ സ്വാധീനവും കാരണം ബിന്ദു പത്മനാഭൻ കേസിന്റെ അന്വേഷണം ഏറെക്കുറെ നിലച്ചു. ഈ സമയത്ത് ബിന്ദുവിനെക്കുറിച്ചുള്ള എല്ലാ തെളിവുകളും നശിപ്പിക്കപ്പെടുകയായിരുന്നു. വർഷങ്ങൾക്കുശേഷം ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും തിരോധാനവുമായി ബന്ധപ്പെട്ട് ഒരു തെളിവുകളും ശേഷിക്കാതെ വന്നതോടെ അന്വേഷണം വഴിമുട്ടി നിന്നു.
ഇതോടെ ജയിലിലായിരുന്ന സെബാസ്റ്റ്യൻ ജാമ്യം നേടി പുറത്തുവരുകയും ചെയ്തു.ഈ രണ്ടു ഉദ്യോഗസ്ഥരും ചേർത്തല ബാറിലെ ഒരു അഭിഭാഷകനും സെബാസ്റ്റ്യനും തമ്മിൽ കൂടുതൽ സൗഹൃദത്തിലായി. ഇവരുടെ ഒത്താശയോടെയാണ് സെബാസ്റ്റ്യൻ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയതെന്ന് സൂചനയുണ്ട്.
ബിന്ദു തിരോധാന കേസ് ശരിയായ രീതിയിൽ അന്വേഷിക്കാത്തതും ഒടുവിൽ അട്ടിമറിച്ചതും കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് തിരിയാന് സെബാസ്റ്റ്യന് പ്രേരണയായി.
ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ തിരോധാന കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായെങ്കിലും അന്വേഷണം നിലവിൽ ഇഴഞ്ഞു നീങ്ങുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥരോട് സെബാസ്റ്റ്യൻ സഹകരിക്കാത്തതും രണ്ടാമത്തെ കസ്റ്റഡി കാലാവധി തീരുന്നതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.