പണം പിടിച്ചുപറിച്ചതു ചോദ്യംചെയ്തയാൾക്ക് കുത്തേറ്റു
Tuesday, August 12, 2025 1:04 AM IST
കൊച്ചി: പണം പിടിച്ചുപറിച്ചതു ചോദ്യംചെയ്തയാളെ രണ്ടംഗസംഘം കുത്തിവീഴ്ത്തി. നെഞ്ചില്‍ കുത്തേറ്റ തൃശൂര്‍ ചിറമ്മനങ്ങാട് സ്വദേശി ഷറഫുദ്ദീനെ ഗുരുതര പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ സുഹൃത്തുക്കളായ കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി റോബിന് ഭാസ്കര്‍(46), നേപ്പാള്‍ സ്വദേശിയും എറണാകുളം കലൂരില്‍ താമസക്കാരനുമായ ശ്യാം ബെന്‍ ബഹാദൂര്‍ (43) എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കലൂര്‍ മെട്രോ സ്റ്റേഷനു സമീപത്താണ് സംഭവം. നഗരത്തില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്നവരാണ് മൂവരും. ഷറഫുദ്ദീന്റെ കൈവശമുണ്ടായിരുന്ന 12,000 രൂപ തട്ടിയെടുക്കാന്‍ ശ്യാമും റോബിനും ചേര്‍ന്ന് ഇയാളെ പിടിച്ചുവലിച്ചുകൊണ്ടുപോയി. ഷറഫുദ്ദീന് ഇതു ചോദ്യം ചെയ്തതോടെ ശ്യാം കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു.
സംഭവസമയം മൂവരും മദ്യലഹരിയിലായിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. പ്രതികളെ എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.