വൃദ്ധ സഹോദരിമാരുടെ കൊലപാതകം: സഹോദരനുവേണ്ടി ലുക്കൗട്ട് നോട്ടീസ്
Monday, August 11, 2025 6:45 AM IST
കോഴിക്കോട്: രോഗബാധിതരായ വൃദ്ധ സഹോദരിമാരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ സഹോദരനുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന് പ്രമോദിനു (63) വേണ്ടിയാണ് ചേവായൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ഇതുവരെ ജീവിച്ച പ്രമോദിനെ കണ്ടുകിട്ടിയാല്‍ മാത്രമേ സംഭവങ്ങളുടെ ചുരുളഴിയുകയുള്ളൂ. പ്രമോദ് നേരത്തേ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ കടയിൽ ജോലി ചെയ്തിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്ളോറിക്കൽ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയയ്ക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശുശ്രൂഷിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡുകളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും സിസി ടിവി കാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് പ്രമോദിനുവേണ്ടി അന്വേഷണം നടത്തുന്നുണ്ട്.