വീട്ടമ്മയെ ട്രെയിനിൽനിന്ന് ചവിട്ടിവീഴ്ത്തി കവര്‍ച്ച:പ്രതി മുംബൈയിൽ കസ്റ്റഡിയില്‍
Monday, August 11, 2025 7:08 AM IST
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടമ്മയെ ചവിട്ടിവീഴ്ത്തി പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതിയെ പോലീസ് മുംബൈയില്‍നിന്നു കസ്റ്റഡിയിലെടുത്തതായി സൂചന.
തൃശൂര്‍ തലോര്‍ വൈക്കാടന്‍ ജോസിന്റെ ഭാര്യ അമ്മിണി(64)യെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസില്‍ നിന്നു തള്ളിയിട്ട പ്രതിയാണ് പിടിയിലായതായി സൂചനയുള്ളത്. കവര്‍ച്ചയ്ക്കു ശേഷം പ്രതി മറ്റൊരു ട്രെയിനില്‍ കയറി മുംബൈയില്‍ എത്തുകയായിരുന്നു. ഇയാളെ ഇന്ന് കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം. ഇൻസ്പക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിൽ എത്തിയിട്ടുണ്ട്.
എസ് വണ്‍ കംപാര്‍ട്ട്മെന്റിലായിരുന്ന അമ്മിണിയെ ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന് വിട്ട് ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിനടുത്ത് എത്താറായപ്പോഴാണു മോഷ്ടാവ് തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന സഹോദരന് വരന്തരപ്പിള്ളി വെണ്ണാട്ടുപറമ്പില്‍ വര്‍ഗീസ് ശുചിമുറിയിലേക്കു പോയ സമയത്ത് അമ്മിണി വാതിലിനു സമീപം നില്‍ക്കുമ്പോഴാണ് സംഭവം.
അമ്മിണിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പിടിച്ചുപറിക്കാനാണ് പ്രതി ആദ്യം ശ്രമം നടത്തിയത്. അമ്മിണി എതിര്‍ത്തപ്പോള്‍ അവരെ പുറത്തേക്കു ചവിട്ടി വീഴ്ത്തുകയായിരുന്നു. മോഷ്ടാവും പുറത്തേക്ക് വീണെങ്കിലും റെയില്വേട്രാക്കില്നിന്ന് അയാള്‍ ബാഗുമായി രക്ഷപ്പെട്ടു. യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി പരിക്കേറ്റ അമ്മിണിയെ ഇതേ ട്രെയിനില്‍ തന്നെ തിരൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം അമ്മിണി വീട്ടിലേക്കു മടങ്ങി. മൊബൈല്‍ഫോണും 8000 രൂപയുമടങ്ങുന്ന ബാഗാണ് നഷ്ടപ്പെട്ടത്. റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായാണ് കേസിന്റെ അന്വേഷണം നടത്തിയത്.
സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസ് യാത്ര പുറപ്പെട്ട ചണ്ഡിഗഡ് മുതല്‍ കോഴിക്കോട് വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.