വ്യാജമരുന്നുകളുടെ വ്യാപനം: ജാഗ്രത പാലിക്കണമെന്ന് എകെസിഡിഎ
Monday, August 11, 2025 6:35 AM IST
കൊച്ചി: രാജ്യവ്യാപകമായി വ്യാജമരുന്നുകള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങള്‍ വാർത്തയാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും അത്തരം മരുന്നുകളുടെ വ്യാപനം തടയാന്‍ ഔഷധവ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന് എന്നിവര്‍ പറഞ്ഞു.
രാജ്യത്തു വ്യാജമരുന്നുകളുടെ വിപണനം വര്‍ധിക്കുന്നുണ്ടെന്നാണ് മരുന്നുകമ്പനികള്‍ തന്നെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഹൈദരാബാദില്‍ ഡ്രഗ് കണ്ട്രോള് അഡ്മിനിസ്ട്രേഷന് നടത്തിയ പരിശോധനയില്‍ 17 ലക്ഷം രൂപയുടെ വ്യാജമരുന്നുകള്‍ പിടികൂടിയിരുന്നു.
മരുന്ന് ഉപഭോഗം ഏറ്റവും കൂടുതലുള്ള കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ 95 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്നവയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഹൈദരാബാദ്, ആഗ്ര, ഹിമാചല്‍പ്രദേശ്, നോയിഡ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണു പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജമരുന്നുകള്‍ വിപണിയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെഡിക്കല്‍ ഷോപ്പുകള്‍ വലിയ ഡിസ്കൗണ്ടുകള്‍ ഓഫര്‍ ചെയ്യുന്നതിലെ യാഥാര്‍ഥ്യം എന്താണെന്നും കണ്ടെത്തേണ്ടതുണ്ട്. സാധാരണക്കാരാണ് ഇത്തരം വാഗ്ദാനങ്ങളുടെ ഇരകളാകാറ്.
പത്തു ശതമാനം ഡിസ്കൗണ്ടില്‍ വില്പന നടത്തിയാല്‍പ്പോലും ലാഭം കിട്ടാത്ത സാഹചര്യത്തില്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നതിലെ യഥാര്‍ഥ വസ്തുതകള്‍ ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് പരിശോധിച്ച് പുറത്തുവിടണം. എന്നാല്‍ കമ്പനികളില്‍നിന്നു അധിക ഓഫറുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്കു ഡിസ്കൗണ്ട് നല്കുന്ന നല്ല പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.