വ്യാജ ഓൺലൈൻ ട്രേഡിംഗ്: ഡോക്ടറുടെ നാലരക്കോടി തട്ടിയ കേസിലെ പ്രതികൾ ചെന്നൈയിൽ അറസ്റ്റിൽ
Monday, August 11, 2025 6:44 AM IST
കണ്ണൂർ: മട്ടന്നൂരിലെ ഡോക്ടറെ വാട്സാപ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് 4,43,20,000 രൂപ തട്ടിയ കേസിൽ ചെന്നൈയിൽ താമസിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ചെന്നൈ മങ്ങാട് സെയ്ദ് സാദിഖ് നഗർ സ്വദേശികളായ മഹബൂബാഷ ഫാറൂഖ്(39), റിജാസ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ റിജാസ് എറണാകുളം സ്വദേശിയാണെങ്കിലും വർഷങ്ങളായി ചെന്നൈയിലാണ് താമസം.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിന്റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ചെന്നൈയിൽവച്ചാണ് ഇരുവരും പിടിയിലാകുന്നത്. അക്കൗണ്ട് നമ്പറുകളും ഫോൺകോളുകളും ഐഎംഇഐ നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്.
ഷെയര്‍ട്രേഡിംഗ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്സാപ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് അപ്സ്റ്റോക്സ് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്കീമിലൂടെ വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നു.
ഓരോ തവണ നിക്ഷേപം നടത്തുമ്പോഴും വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനിൽ വലിയ ലാഭം കാണിക്കുകയും പരാതിക്കാരന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.
പരാതിക്കാരന്റെ അക്കൗണ്ടിൽനിന്നും നഷ്ടപ്പെട്ട തുകയിൽ 40 ലക്ഷത്തോളം രൂപ പ്രതികൾ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടിൽനിന്നു ലഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എടിഎം വഴി പിൻവലിക്കുകയും ബാക്കി തുക ഇന്റനെറ്റ് ബാങ്കിംഗ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു.