നെല്ലറയും വിസ്മയ കലവറയും
ടെസ് ജോസ്
Monday, August 11, 2025 6:55 AM IST
ഭൂമിശാസ്ത്രപരമായ സവിശേഷതകളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന പ്രദേശമാണ് കുട്ടനാട്. സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശം അതിന്റെ കാർഷിക പാരമ്പര്യം, തനതായ ജീവിതരീതി, ജൈവവൈവിധ്യം, പ്രകൃതിഭംഗി എന്നിവയാൽ ലോകശ്രദ്ധ നേടിയിരിക്കുന്നു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം, കേരളത്തിന്റെ നെല്ലറ എന്ന വിശേഷണത്തിന് എല്ലാ അർഥത്തിലും അർഹമാണ്. എന്നാൽ കുട്ടനാടിന്റെ പ്രാധാന്യം കേവലം കാർഷിക മേഖലയിൽ ഒതുങ്ങുന്നില്ല. പ്രകൃതിവിഭവങ്ങളുടെയും ടൂറിസം സാധ്യതകളുടെയും ഒരു കലവറ കൂടിയാണിത്.
കാർഷിക മേഖലയുടെ അനന്തസാധ്യതകൾ
കുട്ടനാടിന്റെ ജീവനാഡി നെൽകൃഷിയാണ്. ‘കായൽകൃഷി’ എന്നറിയപ്പെടുന്ന ഇവിടത്തെ നെൽകൃഷിരീതി ലോകത്തുതന്നെ വേറിട്ടതാണ്. സമുദ്രനിരപ്പിന് താഴെയുള്ള പാടശേഖരങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കൃഷി ചെയ്യുന്ന ഈ രീതി, കർഷകന്റെ കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ ഉദാഹരണമാണ്. പുഞ്ചക്കൃഷിക്ക് പേരുകേട്ട കുട്ടനാടൻ പാടങ്ങൾ, കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിൽ നിർണായക പങ്ക് വഹിക്കുന്നു.
വെള്ളപ്പൊക്കം, മടവീഴ്ച തുടങ്ങിയ പ്രശ്നങ്ങൾ കുട്ടനാടൻ കർഷകർക്ക് എല്ലാക്കാലവും വെല്ലുവിളിയാണ്. ഇതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സഹകരണത്തിലൂടെയും ശാസ്ത്രീയമായ പരിഹാരം കാണാൻ കഴിയും. പുഞ്ചക്കൃഷി കൂടുതൽ വ്യാപകമാക്കുന്നതിലൂടെ നെല്ലുത്പാദനം വർധിപ്പിക്കാനും അതുവഴി കുട്ടനാടിനെ വീണ്ടും കേരളത്തിന്റെ ഭക്ഷ്യകലവറയാക്കി മാറ്റാനും സാധിക്കണം. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ തുടങ്ങിയവയുടെ പ്രവർത്തനം കൃത്യമായി ഏകോപിപ്പിച്ചാൽ ഓരുവെള്ളത്തെ ഫലപ്രദമായി നിയന്ത്രിക്കാനും കൃഷിയെ സംരക്ഷിക്കാനും സാധിക്കും.
ജൈവവൈവിധ്യത്തിന്റെയും മത്സ്യസമ്പത്തിന്റെയും കേന്ദ്രം
കായലുകളും പുഴകളും തോടുകളും നിറഞ്ഞ കുട്ടനാടൻ പ്രദേശം ജൈവവൈവിധ്യത്തിന്റെ വിശാലമായൊരു കലവറയാണ്. വേമ്പനാട്ട് കായൽ കുട്ടനാടിന്റെ പരിസ്ഥിതി സന്തുലനാവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നു. കുട്ടനാടൻ കരിമീൻ, വരാൽ, ചെമ്മീൻ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങൾ ഇവിടത്തെ തനതായ മത്സ്യസമ്പത്തിന് ഉദാഹരണമാണ്. തണ്ണീർമുക്കം ബണ്ട് നിർമാണത്തിനു ശേഷം മത്സ്യസമ്പത്തിൽ കുറവുണ്ടായെങ്കിലും ശാസ്ത്രീയമായ മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതിസൗഹൃദപരമായ സമീപനം സ്വീകരിക്കുകയും ചെയ്താൽ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനാകും.
മത്സ്യകൃഷി, കക്ക കൃഷി തുടങ്ങിയവയ്ക്ക് വലിയ സാധ്യതകളാണ് കുട്ടനാട്ടിലുള്ളത്. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കിയാൽ ഈ മേഖലയിൽ വലിയ സാമ്പത്തികമുന്നേറ്റം ഉണ്ടാക്കാൻ കഴിയും. വേമ്പനാട് കായലുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി കാർഷിക, മത്സ്യ കലണ്ടറുകൾ വികസിപ്പിക്കുന്നത് ഈ മേഖലയുടെ ഭാവിക്കു ഗുണകരമാകും. ജലജീവികളുടെ പ്രജനനത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കി ജൈവവൈവിധ്യം നിലനിർത്തേണ്ടത് കുട്ടനാടിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
ടൂറിസം: കുട്ടനാടിന്റെ ഭാവി സാധ്യത
കുട്ടനാടിന്റെ സൗന്ദര്യം ലോകപ്രശസ്തമാണ്. ശാന്തമായ കായൽപരപ്പിലൂടെ ഒഴുകിനീങ്ങുന്ന ഹൗസ്ബോട്ടുകൾ, നെൽപാടങ്ങളുടെ പച്ചപ്പ്, നാടൻ ജീവിതരീതികൾ, വള്ളംകളി തുടങ്ങിയവ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കുമരകവും ആലപ്പുഴയും ഉൾപ്പെടുന്ന ഈ പ്രദേശം ലോക ടൂറിസം ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. കുട്ടനാടൻ കായൽ ടൂറിസം, ഹൗസ്ബോട്ടുകൾക്ക് പുറമെ കയാക്കിംഗ്, ഗ്രാമീണജീവിതം അടുത്തറിയാനുള്ള അവസരം, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം തുടങ്ങിയവയിലൂടെ വികസിപ്പിക്കാവുന്നതാണ്.
ഫാം ടൂറിസം കുട്ടനാടിന് വലിയ സാധ്യതകൾ തുറന്നുനൽകുന്നു. കർഷകരുമായി നേരിട്ട് സംവദിക്കാനും കൃഷി രീതികൾ മനസിലാക്കാനും കാർഷിക ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാനും ടൂറിസ്റ്റുകൾക്ക് അവസരം നൽകുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കാൻ സാധ്യതയുണ്ട്. പ്രളയാനന്തര കാലത്ത് കുട്ടനാടിനെ ഒരു പുനരുജ്ജീവന ടൂറിസം കേന്ദ്രമായി മാറ്റാനും കഴിയും. ഇവിടെയുള്ള പച്ചപ്പും പ്രകൃതിഭംഗിയും മനസും ശരീരവും ഒരുപോലെ ഉന്മേഷഭരിതമാക്കാൻ ഉതകുന്നതാണ്.
വെല്ലുവിളികളും അതിജീവനവും
കുട്ടനാടിന്റെ അനന്തസാധ്യതകൾക്കൊപ്പം ചില വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. അനിയന്ത്രിതമായ നിർമാണപ്രവർത്തനങ്ങൾ, ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനം, കായൽ കൈയേറ്റങ്ങൾ തുടങ്ങിയവ കുട്ടനാടിന്റെ പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് ഭീഷണിയാകുന്നു. കൂടാതെ, വെള്ളപ്പൊക്കവും മടവീഴ്ചയും കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നു.
ഈ വെല്ലുവിളികളെ അതിജീവിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. സർക്കാർ തലത്തിൽ വ്യക്തമായ നയങ്ങളും പദ്ധതികളും നടപ്പാക്കണം. മാലിന്യ സംസ്കരണത്തിന് ആധുനികസംവിധാനങ്ങൾ ഏർപ്പെടുത്തുകയും ഹൗസ് ബോട്ടുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യണം. കൂടാതെ, പ്രാദേശിക ജനതയുടെ പങ്കാളിത്തത്തോടെയുള്ള വികസനപദ്ധതികൾക്ക് മുൻഗണന നൽകണം.
കുട്ടനാടിന്റെ ഭാവി
കുട്ടനാടിന്റെ ഭാവി അതിന്റെ കാർഷിക പാരമ്പര്യത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. കാർഷികമേഖലയെ ആധുനികവത്കരിക്കുകയും അതേസമയം പരമ്പരാഗതരീതികളെ സംരക്ഷിക്കുകയും വേണം. ടൂറിസം വികസനം വരുമ്പോൾ അത് കുട്ടനാടിന്റെ തനിമയെ നശിപ്പിക്കാതെ, അവിടത്തെ ജനങ്ങൾക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം.
ഫാം ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകണം. കുട്ടനാടിന്റെ ജലഗതാഗത സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തണം. പാലങ്ങളെ മാത്രം ആശ്രയിക്കാതെ ചരക്കുനീക്കത്തിനും യാത്രയ്ക്കും ജലപാതകൾ ഉപയോഗിക്കുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സഹായിക്കും.കുട്ടനാടിന്റെ ഭാവി ശോഭനമാണ്. അതിന്റെ തനതായ കാർഷിക പൈതൃകവും അതുല്യമായ പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കിയാൽ കുട്ടനാടിനെ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി നിലനിർത്താൻ കഴിയും. ഇത് കേരളത്തിന്റെയാകെ സ്വപ്നമാണ്.