കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു പന്നിപ്പനിയെന്നു സംശയം
Monday, August 11, 2025 6:44 AM IST
കേളകം (കണ്ണൂർ): കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഒരാഴ്ചയായി ഇരുപതോളം പന്നികളാണ് പ്രദേശത്തു ചത്തത്. പന്നിപ്പനിയാണെന്നാണു സംശയം.
കേളകം പഞ്ചായത്തിൽ 13, കൊട്ടിയൂരിൽ നാല്, പേരാവൂരിൽ -മൂന്ന് എന്നിങ്ങനെയാണു ചത്ത പന്നികളുടെ ഔദ്യോഗിക കണക്ക്. എന്നാൽ ഇതിന്റെ മൂന്നിരട്ടി പല പ്രദേശങ്ങളിലായി ചത്തതായും പ്രദേശവാസികൾ കുഴിച്ചിട്ടതായും പറയുന്നു. പ്രദേശത്തുനിന്ന് വനംവകുപ്പ് ചത്ത കാട്ടുപന്നികളുടെ സാമ്പിൾ ശേഖരിച്ചെങ്കിലും പരിശോധനാഫലങ്ങൾ പുറത്തുവിട്ടിട്ടില്ല. ചത്ത കാട്ടുപന്നികളെ സംസ്കരിക്കുന്നതിലും വനംവകുപ്പ് കടുത്ത അലംഭാവമാണ് കാണിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ പാലിക്കാതെയാണു കാട്ടുപന്നികളെ മറവ് ചെയ്യുന്നത്. രോഗം വളർത്തുമൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. മുന്പ് സമാനമായ രീതിയിൽ തൃശൂർ അതിരപ്പള്ളി പിള്ളപ്പാറയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആന്ത്രാക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മറവ് ചെയ്ത ആളുകൾക്ക് പൊതുജനസമ്പർക്കം പാടില്ലെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു.
വളർത്തു മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.