സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്യു
Monday, August 11, 2025 6:45 AM IST
തൃശൂർ: കേന്ദ്രസഹമന്ത്രിയും തൃശൂരിൽനിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്യു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തശേഷം സുരേഷ് ഗോപിയെ തൃശൂർ മണ്ഡലത്തിൽ കാണാനില്ലെന്നാണ് തൃശൂർ ഈസ്റ്റ് പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത്. കെഎസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണു പരാതി നൽകിയത്.
സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് ഇ മെയിലിലൂടെ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയും സുരേഷ് ഗോപിയെ കാണാനില്ലെന്നുകാട്ടി രംഗത്തെത്തിയിരുന്നു. ഞങ്ങൾ തൃശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണോ എന്ന് ആശങ്കയെന്നു ഫേസ്ബുക്കിലാണ് കുറിപ്പിട്ടത്.