പ്രതീക്ഷയിലാണ് കുട്ടനാട്
ആന്റണി ആറിൽചിറ ചമ്പക്കുളം
Monday, August 11, 2025 6:55 AM IST
ലോക ടൂറിസം മാപ്പിൽ കുട്ടനാടിന് ഇടമുണ്ട്. കുട്ടനാടിന്റെ പൈതൃകവും സംസ്കാരവും കൃഷിയും ജീവിതരീതികളുമെല്ലാം ടൂറിസ്റ്റുകളിൽ കൗതുകവും ആവേശവും ജനിപ്പിക്കുന്നതുമാണ്. എന്നാൽ വേണ്ടത്ര പ്രോത്സാഹനവും പ്രചാരവും നൽകിയും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചും കുട്ടനാടിനെ മാർക്കറ്റ് ചെയ്യാൻ ഇനിയും പരിശ്രമങ്ങളുണ്ടാകണം.
ഫാം ടൂറിസം
കുട്ടനാട്ടിലെ വിനോദസഞ്ചാരം വഞ്ചിവീടുകളിലും ചുരുക്കം ചില റിസോർട്ടുകളിലും മാത്രമായി ചുരുങ്ങിപ്പോകുന്നു. എന്നാൽ വിനോദസഞ്ചാരത്തിന്റെ ഹൃദ്യമായ മറ്റൊരു മേഖല ഇവിടെ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. അതാണ് ഫാം ടൂറിസം. ഫാം ടൂറിസത്തിന് അനന്തസാധ്യതകളുള്ള ഒരു പ്രദേശമാണ് കുട്ടനാട്.
സാധാരണ നിലയിൽപോലും കുട്ടനാട്ടിലെ പാടശേഖരങ്ങൾ പുറംബണ്ടിനോട് ചേർന്നുള്ള തോടുകളെയും നദികളെയുംകാൾ ഒന്നു മുതൽ ഒന്നര മീറ്റർ വരെ താഴ്ന്ന പ്രദേശങ്ങളാണ്. ഈ പാടശേഖരങ്ങളിൽ കൃഷിയുള്ളപ്പോഴും അല്ലാത്തപ്പോഴും ടൂറിസം സാധ്യത ഏറെയുണ്ട്. നെൽകൃഷി കാണാനും പഠിക്കാനും അതിന്റെ സൗന്ദര്യം നുകരാനും എത്തുന്ന നിരവധി വിനോദ സഞ്ചാരികളുണ്ട്. വൃത്തിയുളളതും ചെലവ് കുറഞ്ഞതുമായ താമസസൗകര്യം പ്രകൃതിക്ക് ഇണങ്ങുംവിധം തയാറാക്കി നല്കിയാൽ നിരവധി വിനോദ സഞ്ചാരികളും പഠനപ്രിയരും കുട്ടനാട്ടിൽ സ്ഥിരമായി വന്നെത്തും.
പാടശേഖരങ്ങളിൽ വെള്ളം കയറുമ്പോൾ അപകടരഹിതമായ ജലവിനോദപദ്ധതികളും ഇവിടെ രൂപകല്പന ചെയ്യണം. കൃഷിയുള്ളപ്പോഴും വെള്ളം കിടക്കുമ്പോഴും ഉപയോഗിക്കാൻ തക്ക തരത്തിലുളള സുരക്ഷിത താമസസൗകര്യങ്ങൾ ഒരുക്കണം.
എസി കനാൽ ആണ്ടുവട്ടം മുഴുവൻ കൃത്യമായ ഇടവേളകളിൽ വള്ളംകളികൾ സംഘടിപ്പിക്കാൻ തക്ക തരത്തിൽ മാറ്റിയെടുക്കണം. കനാലിന്റെ ഇരുകരകളും മോടിപിടിപ്പിക്കണം. വൃത്തിയുള്ളതും ഏകീകൃതവും പ്രകൃതിക്ക് ഇണങ്ങുന്നതുമായ നിർമാണപ്രവർത്തനങ്ങളേ കനാലിന്റെ വശങ്ങളിൽ നടത്താവൂ. ഇതിന്റെ സാധ്യതകൾ അനന്തമാണ്.
വിത്തുത്പാദന കേന്ദ്രങ്ങൾ
വിത്തുത്പാദന കേന്ദ്രങ്ങളായി കായൽനിലങ്ങളെ മാറ്റാം. ലക്ഷത്തിലധികം ഏക്കറുകൾ വരുന്ന കായൽനിലങ്ങൾ വിത്തുത്പാദന കേന്ദ്രങ്ങളാക്കാൻ ഏറ്റവും അനുയോജ്യമാണ്. പ്രകൃതിതന്നെ വേർതിരിച്ച് നിർത്തിയിരിക്കുന്ന കായൽനിലങ്ങൾ മറ്റ് സങ്കരയിനങ്ങളുടെ കലർപ്പില്ലാതെ മികച്ച വിത്തുത്പാദന കേന്ദ്രങ്ങളാക്കി മാറ്റിയാൽ ഗുണമേന്മയുള്ള വിത്ത് നിലവിൽ ലഭിക്കുന്ന വിലയേക്കാൾ കുറച്ച് കർഷകന് ലഭ്യമാക്കാനും കൃഷിച്ചെലവ് കുറയ്ക്കാനും സാധിക്കും.
വേമ്പനാട് കായലിൽസ്ഥിതി ചെയ്യുന്ന ആർ ബ്ലോക്ക് കായൽ മണ്ണും കട്ടയും നിക്ഷേപിച്ച് നിലവിലെ അളവിൽനിന്ന് ഉയർത്തി അവിടെ പുതിയ കൃഷിയും കൃഷി രീതികളും പ്രാവർത്തികമാക്കണം. അവിടെ നഷ്ടപ്പെട്ടതു നോക്കി സങ്കടപ്പെടാതെ നൂതന പദ്ധതികൾ രൂപീകരിക്കണം.
കുട്ടനാടൻ ബ്രാൻഡ്
കുട്ടനാട്ടിലെ കരിമീനും താറാവും ബ്രാൻഡ് ചെയ്തു വിപണിയിലെത്തിച്ചാൽ വരാനിരിക്കുന്ന കാലത്ത് കുട്ടനാട്ടിലെ മത്സ്യത്തൊഴിലാളികളും താറാവ് കർഷകരും മെച്ചപ്പെടും.
വരുമാനം കൂടുകയും ജീവിതസാഹചര്യം മെച്ചപ്പെടുകയും ചെയ്യും പുറംബണ്ട് കൂടുതൽ ഉയർത്തി തെങ്ങ് കൃഷി നടത്തുകയും തോടുകളിലെയും പുഴകളിലേയും മണ്ണും ചെളിയും തെങ്ങിന് സംരക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്താൽ നാളികേരകൃഷിയും നെൽകൃഷിയും മികച്ച രീതിയിൽ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കും.
കുട്ടനാടൻ നെല്ല് പ്രാദേശികമായി പൂർവകാലത്തേതു പോലെ തിളപ്പിച്ചും പുഴുങ്ങി ഉണക്കിയും അരിയാക്കി മാറ്റിയാൽ കുട്ടാടൻ ബ്രാൻഡ് ലോകം പിടിച്ചെടുക്കും.